ഒരു ഒന്നൊന്നര പാർട്ണർഷിപ്പ്: മെൽബണിൽ ചരിത്രനേട്ടം സ്വന്തമാക്കി നിതീഷും സുന്ദറും
മെൽബൺ ടെസ്റ്റിൽ എട്ടാമനായി ഇറങ്ങി സെഞ്ച്വറി നേടിയ നിതീഷ് കുമാർ റെഡ്ഡിയും ഒമ്പതാമനായി ഇറങ്ങി അർധസെഞ്ച്വറി നേടിയ വാഷിംഗ്ടൺ സുന്ദറും ചേർന്ന് പടുത്തുയർത്തിയത് ചരിത്രനേട്ടം. ടെസ്റ്റ് ക്രിക്കറ്റിന്റെ 147 വർഷത്തെ ചരിത്രത്തിലാദ്യമായാണ് എട്ടാമതും ഒമ്പതാമതും ഇറങ്ങിയ രണ്ട് ബാറ്റ്‌സ്മാൻമാരും 150 പന്തുകളിലേറെ നേരിടുന്നത്.
വാഷിംഗ്ടൺ സുന്ദർ 162 പന്തുകൾ നേരിട്ട് 50 റൺസെടുത്ത് പുറത്തായപ്പോൾ നിതീഷ് കുമാർ റെഡ്ഡി 176 പന്തിൽ 105 റൺസുമായി ക്രീസിൽ തുടരുകയാണ്. കന്നി ടെസ്റ്റ് സെഞ്ച്വറി നേടിയതോടെ മറ്റൊരു നേട്ടവും നിതീഷ് സ്വന്തമാക്കി. ഓസ്‌ട്രേലിയയിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ ബാറ്റ്‌സ്മാനെന്ന റെക്കോർഡാണിത്.
21 വയസും 216 ദിവസവും പ്രായമുള്ളപ്പോഴാണ് നിതീഷ് ഓസ്‌ട്രേലിയയിൽ സെഞ്ച്വറി നേടിയത്. 18 വയസും 256 ദിവസവും പ്രായമുള്ളപ്പോൾ സച്ചിൻ തെൻഡുൽക്കറും 21 വയസും 92 ദിവസവും പ്രായമുള്ളപ്പോൾ സെഞ്ച്വറി നേടിയ റിഷഭ് പന്തുമാണ് ഈ റെക്കോർഡിൽ നിതീഷിന് മുന്നിലുള്ളത്. ഓസ്‌ട്രേലിയയിൽ ഇന്ത്യക്കായി എട്ടാം നമ്പറിൽ ഇറങ്ങുന്ന ഒരു ബാറ്ററുടെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോർ എന്ന നേട്ടവും നിതീഷ് സ്വന്തമാക്കി. 2008ൽ അഡ്‌ലെയ്ഡിൽ അനിൽ കുംബ്ലെ നേടിയ 87 റൺസിന്റെ റെക്കോർഡാണ് നിതീഷ് മറികടന്നത്
നിലവിൽ നടക്കുന്ന പരമ്പരയിൽ റൺവേട്ടയിൽ രണ്ടാം സ്ഥാനത്ത് എത്താനും നിതീഷിന് സാധിച്ചു. ട്രാവിസ് ഹെഡാണ് മുന്നിൽ. ഇന്ത്യയുടെ ടോപ് സ്‌കോറായി മാറിയ നിതീഷ് ഇതുവരെ 284 റൺസ് നേടിയിട്ടുണ്ട്. നാല് ടെസ്റ്റിൽ നിന്ന് 409 റൺസ് നേടിയ ട്രാവിസ് ബഹുദൂരം മുന്നിലാണ്. 275 റൺസ് നേടിയ ജയ്‌സ്വാളാണ് ഇന്ത്യൻ താരങ്ങളിൽ നിതീഷിന് പിന്നിൽ രണ്ടാം സ്ഥാനത്ത്.