പാതയോരങ്ങളിൽ തടിച്ചുകൂടി ജനസാഗരം; വിഎസിനെ ഒരുനോക്ക് കാണാൻ ആയിരങ്ങൾ

അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ഭൗതിക ശരീരം വഹിച്ചു കൊണ്ടുള്ള വിലാപ യാത്ര കണിയാപുരം പിന്നിട്ടു. കഴക്കൂട്ടം ദേശീയപാതക്ക് സമീപവും കണിയാപുരത്തും വൻജനവലിയാണ് വിഎസിന് അന്ത്യാഞ്ജലി അർപ്പിക്കാൻ തടിച്ചു കൂടിയിരിക്കുന്നത്. വാഹനം മുന്നോട്ടു പോലും പോകാനാകാത്ത നിലയിലാണ് ജനങ്ങൾ തടിച്ചു കൂടിയിരിക്കുന്നത്
തിരുവനന്തപുരം നഗരത്തിൽ നിന്ന് പുറപ്പെട്ട് മണിക്കൂറുകൾ പിന്നിട്ടിട്ടും ജില്ല വിടാൻ ഇതുവരെ സാധിച്ചിട്ടില്ല. മണിക്കൂറുകളോളം പാതയോരങ്ങളിൽ ജനങ്ങൾ വിഎസിന് അന്ത്യാഞ്ജലി അർപ്പിക്കാനായി കാത്തുനിൽക്കുന്ന കാഴ്ചയാണ് ദേശീയപാതയിൽ എവിടെയും. കണ്ണേ കരളേ വിഎസേ എന്ന മുദ്രവാക്യം ആയിരങ്ങളുടെ കണ്ഠങ്ങളിൽ നിന്ന് ഒരേ പോലെ ഉയരുകയാണ്
രാത്രി വൈകുന്തോറും ആൾക്കൂട്ടം കൂടികൂടി വരുന്നതാണ് കാണുന്നത്. ഇന്ന് രാത്രിയോടെ ആലപ്പുഴയിൽ ഭൗതിക ശരീരം എത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. നിലവിലെ അവസ്ഥ പ്രകാരം നാളെ രാവിലെയോടെ മാത്രമേ ആലപ്പുഴയിൽ വിലാപ യാത്ര എത്താൻ സാധ്യതയുള്ളു. വിഎസിന്റെ ഭൗതിക ശരീരം വഹിച്ചു കൊണ്ടുള്ള വാഹനത്തെയും അനുഗമിച്ച് കിലോമീറ്ററുകളോളം മണിക്കൂറുകളോളം നടക്കുന്ന ആളുകളുമുണ്ട്.