Kerala

ക്ഷേത്രങ്ങള്‍ക്ക് മുന്നിലെ വിഗ്രഹങ്ങള്‍ക്ക് രാഹുല്‍ ഈശ്വര്‍ മാക്‌സി അണിയിക്കുമോ; ചുട്ടമറുപടിയുമായി നടി

ശ്രീയ രമേശിന്റെ മറുപടി വൈറല്‍

ഹണി റോസിന്റെ വേഷത്തെ കുറിച്ച് അപമാനകരമായ പ്രസ്താവന നടത്തിയ രാഹുല്‍ ഈശ്വറിനെ രൂക്ഷമായി വിമര്‍ശിച്ച് നടി ശ്രീയ രമേശ് രംഗത്ത്. പുതിയ സംഭവവികാസങ്ങളുടെ പശ്ചാതലത്തില്‍ ഹണിയുടെ വസ്ത്രധാരണം മാന്യമല്ലെന്ന വാദമാണ് രാഹുല്‍ ഈശ്വര്‍ മാധ്യമങ്ങളില്‍ നല്‍കുന്ന പ്രതികരണങ്ങളിലെല്ലാം ആവര്‍ത്തിക്കുന്നത്. ഇതോടെയാണ് മിതഹിന്ദുത്വ വാദിയെന്ന് സ്വയം വിശേഷിപ്പിക്കുന്ന രാഹുലിന് ചുട്ടമറുപടിയുമായി നടി രംഗത്തെത്തിയത്.

ഫേസ്ബുക്കിലൂടെയായിരുന്നു നടപടിയുടെ മറുപടി. ഹണി റോസിന്റെ വസ്ത്രധാരണത്തില്‍ ആശങ്കയുള്ള രാഹുല്‍ ക്ഷേത്രങ്ങള്‍ക്ക് മുന്നിലെ വിഗ്രഹങ്ങള്‍ക്ക് മാക്‌സി അണിയിക്കുമോയെന്നും വ്യക്തി സ്വാതന്ത്ര്യം എന്താണെന്ന് രാഹുലിന് അറിയില്ലേയെന്നും നടി വിമര്‍ശിച്ചു.

പോസ്റ്റിന്റെ പൂര്‍ണ രൂപം:

പെണ്‍ ഉടലിന്റെ അഴകളവുകളെ പറ്റി പുരാണങ്ങളിലും വിവിധ കാവ്യങ്ങളിലും ശില്‍പ്പങ്ങളിലും ധാരാളം കേള്‍ക്കുവാനും കാണുവാനും സാധിക്കും. അതൊക്കെ റദ്ദു ചെയ്യണം എന്ന് രാഹുല്‍ ഈശ്വര്‍ ആവശ്യപ്പെടുമോ?
ചുറ്റികയുമായി മലമ്പുഴയിലെ യക്ഷിയേയും, അതുപോലെ ഖജുരാഹോയില്‍ ഉള്‍പ്പെടെ വിവിധ ക്ഷേത്രങ്ങളിലും ഉള്ള ശില്‍പ്പങ്ങള്‍ തകര്‍ക്കുവാന്‍ ഇയാള്‍ പുറപ്പെടുമോ? പഴയ ക്ഷേത്രങ്ങള്‍ക്ക് മുമ്പിലെ സാലഭഞ്ചികകള്‍ക്ക് മാക്‌സി ഇടീക്കുമോ?
ഹണി ഉള്‍പ്പെടെ സ്ത്രീകള്‍ തന്റെ ശരീരത്തിന്റെ ആകൃതി എങ്ങിനെ രൂപപ്പെടുത്തണം എന്ത് വേഷവിധാനം ചെയ്യണം എന്നത് നിശ്ചയിക്കേണ്ടത് രാഹുല്‍ ഈശ്വരാണോ? വ്യക്തി സ്വാതന്ത്ര്യം എന്നത് എന്താണ് എന്ന് ഇയാള്‍ക്ക് അറിയില്ലെ?
മനസ്സിലാക്കേണ്ട ഒരു കാര്യം ആണും പെണ്ണും തമ്മില്‍ സൗഹൃദമോ പ്രൊഫഷണല്‍ ബന്ധമോ ഉണ്ടാവുക സ്വാഭാവികമാണ്. എത്ര അടുപ്പം ഉണ്ടായാലും ഏതെങ്കിലും ഒരു പോയന്റില്‍ തനിക്ക് അലോസരം ഉണ്ടാകുന്നു എന്ന് കണ്ടാല്‍ അതിനെതിരെ പ്രതികരിയ്ക്കുവാനും ആവശ്യമെങ്കില്‍ പരാതി നല്‍കുവാനും സ്ത്രീക്ക് അവകാശമുണ്ട്.
ഹണിയും അതേ ചെയ്തുള്ളൂ.
അതിന് അവരുടെ വസ്ത്രധാരണം മുതല്‍ അഭിനയിച്ച സിനിമയിലെ രംഗങ്ങള്‍ വരെ എടുത്ത് അരോചകവും സ്ത്രീ വിരുദ്ധവുമായ വിമര്‍ശനങ്ങളുമായി ചാനലുകള്‍ തോറും കയറി ഇറങ്ങി പ്രതികരിയ്ക്കുവാന്‍ നടക്കുന്നു.
കുറ്റാരോപിതനേക്കാള്‍ സ്ത്രീവിരുദ്ധതയായാണ് അതില്‍ പലതും എന്നാണ് എനിക്ക് ഫീല്‍ ചെയ്തത്. സിനിമയില്‍ റേപ്പ് സീനിലോ ഇന്റിമേറ്റ് രംഗങ്ങളിലോ അഭിനയിച്ചാല്‍ ആ നടിയെ പൊതു സമൂഹത്തില്‍ ആര്‍ക്കും റേപ്പ് ചെയ്യുവാനോ തോന്നിവാസം പറയുവാനോ അവകാശം ഉണ്ടെന്ന തരത്തില്‍ പറഞ്ഞു വെക്കുന്നത് എന്ത് തെമ്മാടിത്തരവും സ്ത്രീ വിരുദ്ധതയുമാണ്.
അത്തരക്കാരെ ചര്‍ച്ചയില്‍ നിന്ന് അവതാരകര്‍ എന്തുകൊണ്ട് ഇറക്കിവിടുന്നില്ല എന്നാണ് ചോദിക്കുവാന്‍ ഉള്ളത്.
മാധ്യമ ചര്‍ച്ചകള്‍ നയിക്കുന്നവരോട് ഒന്നു പറഞ്ഞു കൊള്ളട്ടെ, അന്തിചര്‍ച്ചകളില്‍ രാഷ്ട്രീയക്കാരുടെ പോര്‍വിളികളും വര്‍ഗ്ഗീയത പറച്ചിലും അസഹനീയമാണ് അത് സമൂഹത്തെ വിഷലിപ്തമാക്കുന്നുണ്ട്, അതിന്റെ കൂടെ സ്ത്രീ വിരുദ്ധത പറയുവാന്‍ കൂടെ അവസരം ഒരു ക്കരുത്. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ ആഭാസത്തരം പറയുവാന്‍ അവസരം നല്‍കരുത്.
ശ്രീയ രമേഷ്

Related Articles

Back to top button
error: Content is protected !!