Kerala

അക്രമത്തിൽ ചില രക്ഷിതാക്കൾക്കും പങ്കുണ്ട്; അവരെക്കൂടി പ്രതി ചേർക്കണം: ഷഹബാസിന്റെ പിതാവ് മുഹമ്മദ് ഇഖ്ബാൽ

കോഴിക്കോട്: താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥി ഷഹബാസിന്റെ കൊലപാതകത്തിൽ ചില രക്ഷിതാക്കൾക്കും പങ്കുണ്ടെന്ന് വിദ്യാർത്ഥിയുടെ പിതാവ് മുഹമ്മദ് ഇഖ്ബാൽ. മകനെ മർ​ദിച്ചവരിൽ ഇനിയും ചില കുട്ടികൾ പിടിയിലാകാനുണ്ടെന്നും കുട്ടികൾ മർദിക്കുമ്പോൾ ചുറ്റും കൂടിയവരിൽ രക്ഷിതാക്കളുമുണ്ട്. അവർക്കും ഇതിൽ വ്യക്തമായ പങ്കുണ്ടെന്നും അവരെ കൂടി പ്രതി ചേർക്കണമെന്നും ഇഖ്ബാൽ പറഞ്ഞു.

അതേസമയം ഇതുവരെയുള്ള പോലീസ് അന്വേഷണത്തിൽ തൃപ്തികരമാണെന്നും ഇഖ്ബാൽ പറഞ്ഞു. പോലീസ് കേസ് തെളിയിക്കുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെന്നും രാഷ്ട്രീയം നോക്കാതെ ഈ കേസില്‍ കുറ്റവാളികളെ കണ്ടെത്തി ശിക്ഷിച്ച് സര്‍ക്കാര്‍ മാതൃക കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ പ്രതികളുണ്ടെന്നും ഇഖ്ബാല്‍ പറയുന്നു.

അതേസമയം കൊലപാതകത്തിൽ ഒരു വിദ്യാർത്ഥിയെ കൂടി പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇതോടെ പിടിയിലായവരുടെ എണ്ണം ആറായി. ഈ വിദ്യാർത്ഥിയെ സംഭവസ്ഥലത്ത് എത്തിച്ച് താമരശ്ശേരി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇതിനു മുൻപ് അഞ്ച് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. . ഇവരെ ജുവൈനൽ ജസ്റ്റിസ് ഹോമിലേക്ക് മാറ്റിയിരുന്നു. ഇന്നലെ ഇവർ പത്താംക്ലാസ് പരീക്ഷ എഴുതിയിരുന്നു. ഇതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് പ്രതിപക്ഷ സംഘടനകൾ ഉയർത്തിയത്. കേസിൽ ഇനിയും കൂടുതൽ പേർ പിടിയിലാകുമെന്നാണ് പോലീസ് നൽകുന്ന സൂചന. എന്നാൽ രക്ഷിതാക്കളെ പ്രതി ചേർക്കുന്നതിനെക്കുറിച്ച് വിവരങ്ങൾ ലഭിച്ചില്ല.

പ്രതികളിലൊരാളുടെ പിതാവിന് ക്രിമിനൽ പശ്ചാത്തലമുള്ളതിനാൽ ഇയാളുടെ പങ്കാണ് കൂടുതലായും അന്വേഷിക്കുന്നത്. ഷഹബാസിനെ മർദിക്കാൻ ഉപയോഗിച്ച നഞ്ചക്ക് ഇയാളുടെ വീട്ടിൽനിന്നു കണ്ടെത്തിയിരുന്നു. അതേസമയം ഷഹബാസിനെ മർദിക്കാൻ ഉപയോഗിച്ചതു കഴിഞ്ഞ ദിവസം കണ്ടെടുത്ത നഞ്ചക്ക് തന്നെയാണെന്ന് മെഡിക്കൽ കോളജിലെ ഡോക്ടർമാർ സ്ഥിരീകരിച്ചിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!