Kerala

എഡിഎമ്മിന്റെ മരണം: സിബിഐ അന്വേഷണം വേണ്ടെന്ന നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് സതീശൻ

എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണ്ടെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ നിലപാട് സർക്കാരും പാർട്ടിയും വേട്ടക്കാർക്കൊപ്പമെന്ന പ്രതിപക്ഷ ആരോപണം അടിവരയിടുന്നതാണെന്ന് വിഡി സതീശൻ. പിപി ദിവ്യ രഹസ്യങ്ങൾ വെളിപ്പെടുത്തുമോയെന്ന വെപ്രാളമാണ് എംവി ഗോവിന്ദന്. അതുകൊണ്ടാണ് നവീൻ ബാബുവിന്റെ വീട്ടിലെത്തി കുടുംബത്തോടൊപ്പമാണെന്ന് പറഞ്ഞതിന് പിന്നാലെ ദിവ്യയെ ജയിലിൽ നിന്ന് സ്വീകരിക്കാൻ സ്വന്തം ഭാര്യയെ അയച്ചതെന്നും സതീശൻ ആരോപിച്ചു

എന്തൊരു കാപട്യമാണിത്. സിബിഐ അന്വേഷണത്തെ എതിർക്കുമ്പോഴും നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പമാണെന്ന് ആവർത്തിക്കുന്ന എംവി ഗോവിന്ദനും സിപിഎമ്മും കേരളത്തിന്റെ പൊതുബോധ്യത്തെയാണ് വെല്ലുവിളിക്കുന്നത്. പ്രത്യേക അന്വേഷണ സംഘത്തിൽ വിശ്വാസമില്ലെന്നും നവീൻ ബാബുവിനെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയതാകാമെന്ന സംശയവുമാണ് അദ്ദേഹത്തിന്റെ ഭാര്യ ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്.

കുടുംബാംഗങ്ങൾ എത്തുന്നതിന് മുമ്പ് ഇൻക്വസ്റ്റ് പൂർത്തിയാക്കിയതും ദുരൂഹമാണ്. നവീൻ ബാബു അഴിമതിക്കാരനാണെന്ന് വരുത്തി തീർത്ത് കുറ്റക്കാരെ രക്ഷിക്കാനാണ് പ്രത്യേക അന്വേഷണ സംഘം ശ്രമിക്കുന്നത്. ഈ സാഹചര്യത്തിൽ സിബിഐ അന്വേഷണം അനിവാര്യമാണ്. പ്രശാന്തിനെ സിപിഎം സംരക്ഷിക്കുന്നത് ബിനാമി ഇടപാടുകൾ പുറത്തുവരാതിരിക്കാനാണെന്നും സതീശൻ പറഞ്ഞു

Related Articles

Back to top button