National

മണിപ്പൂരില്‍ അഫ്‌സ്പ നിയമം കര്‍ശനമാക്കി

ആറ് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ കൂടി നിയമം

ന്യൂഡല്‍ഹി: കുക്കികളും മെയ്തി വിഭാഗങ്ങളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായ മണിപ്പൂരില്‍ അഫ്‌സ്പ നിയമം കര്‍ശനമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. പുതുതായി ആറ് പോലീസ് സ്റ്റേഷനുകളുടെ പരിധിയില്‍ കൂടിയാണ് നിയമം കൊണ്ട് വരുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ സംഘര്‍ഷം രൂക്ഷമായ ജിരിബാം ഉള്‍പ്പെടെയുള്ള മേഖലകളിലാണ് അഫ്സ്പ ഏര്‍പ്പെടുത്തിയത്. ദിവസങ്ങള്‍ക്ക് മുമ്പ് മേഖലയില്‍ പത്തോളം കുക്കി ആയുധ ധാരികളെ സിആര്‍പിഎഫ് ഏറ്റുമുട്ടലില്‍ വധിച്ചിരുന്നു.

സിആര്‍പിഎഫ് ക്യാമ്പിന് നേരെ നടന്ന ആക്രമണത്തിന് ഒടുവിലായിരുന്നു തിരിച്ചടി. കൂടാതെ മേഖലയില്‍ രണ്ട് മുതിര്‍ന്ന പൗരന്‍മാരെ അഗ്‌നിക്കിരയാക്കി കൊല്ലുകയും മെയ്തി വിഭാഗത്തില്‍പ്പെട്ട ആറോളം പേരെ തട്ടിക്കൊണ്ട് പോവുകയും ചെയ്തിരുന്നു. മൂന്ന് സ്ത്രീകളെയും മൂന്ന് പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെയുമാണ് ഇവിടെ നിന്ന് അജ്ഞാതര്‍ തട്ടിക്കൊണ്ട് പോയത്. ഇതിന് പിന്നാലെയാണ് അഫ്സ്പ നിയമം തിരികെ കൊണ്ട് വരുന്നത്.

സര്‍ക്കാരുമായി വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പുവെക്കാത്ത സായുധ സംഘങ്ങളോട് കൂടുതല്‍ കര്‍ശനമായി ഇടപെടാന്‍ ഈ നിയമം പുനഃസ്ഥാപിക്കുന്നതിലൂടെ സൈന്യത്തിന് കഴിയുമെന്നതാണ് പ്രത്യേകത. എന്നാല്‍ സൈനികര്‍ക്ക് അനുകൂലമായ ഒട്ടേറെ വകുപ്പുകള്‍ ഉള്ളതിനാല്‍ തന്നെ പൊതുജനങ്ങളില്‍ നിന്ന് കാര്യമായ എതിര്‍പ്പ് നേരിടേണ്ടി വരുന്ന ഒരു നിയമം കൂടിയാണിത്.

 

Related Articles

Back to top button