അമ്മുവിന്റെ മരണം: നഴ്‌സിംഗ് കോളേജ് പ്രിൻസിപ്പലിനും വൈസ് പ്രിൻസിപ്പലിനും സസ്‌പെൻഷൻ
പത്തനംതിട്ടയിലെ നഴ്‌സിംഗ് വിദ്യാർഥിനി അമ്മു സജീവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കോളേജ് പ്രിൻസിപ്പലിനെയും വൈസ് പ്രിൻസിപ്പലിനെയും സസ്‌പെൻഡ് ചെയ്തു. ചുട്ടിപ്പാറ നഴ്‌സിംഗ് കോളേജ് പ്രിൻസിപ്പൽ അബ്ദുൽ സലാം, വൈസ് പ്രിൻസിപ്പൽ സജി ജോസഫ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. പ്രിൻസിപ്പലിനെ നേരത്തെ നടപടിയുടെ ഭാഗമായി സ്ഥലം മാറ്റിയിരുന്നു
അമ്മുവിന്റെ മരണത്തിൽ പ്രിൻസിപ്പലിന് അടക്കം ഉത്തരവാദിത്തമുണ്ടെന്ന് കുടുംബം ആരോപിച്ചിരുന്നു. പിന്നാലെ ആരോഗ്യസർവകലാശാല അന്വേഷണം നടത്തി. ഇതിന് പിന്നാലെയാണ് നടപടി. നവംബർ 15നാണ് അമ്മു സജീവ് ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിക്കുന്നത്. സഹപാഠികളും അധ്യാപകനും അമ്മുവിനെ മാനസികമായി പീഡിപ്പിച്ചെന്നാണ് കുടുംബം ആരോപിച്ചത്
അമ്മുവിന്റെ സഹപാഠികളായ മൂന്ന് പെൺകുട്ടികളും സൈക്യാട്രി വിഭാഗം അധ്യാപകനും മാനസികമായി പീഡിപ്പിച്ചെന്നാണ് പരാതി. മൂന്ന് സഹപാഠികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ അധ്യാപകനായ സജിക്കെതിരെ ഇതുവരെ നടപടിയെടുത്തിട്ടില്ല.