{"vars":{"id": "89527:4990"}}

പ്രണയാഭ്യർഥന നിരസിച്ച പ്ലസ് ടു വിദ്യാർഥിനിയെ നടുറോഡിൽ കുത്തിക്കൊന്നു; പ്രതി പിടിയിൽ
 

 

തമിഴ്‌നാട് രാമേശ്വരത്ത് പ്രണയാഭ്യർഥന നിരസിച്ച പ്ലസ് ടു വിദ്യാർഥിനിയെ കുത്തിക്കൊന്നു. രാമനാഥപുരം ചേരൻകോട്ടയിൽ ശാലിനിയാണ്(17) കൊല്ലപ്പെട്ടത്. സ്‌കൂളിലേക്ക് പോകും വഴിയാണ് സംഭവം,

പ്രദേശവാസിയായ മുനിരാജ് ശാലിനിയുടെ പിന്നാലെ നടന്ന് നിരന്തരം പ്രണയാഭ്യർഥന നടത്തിയിരുന്നു. താത്പര്യമില്ലെന്ന് കുട്ടി മറുപടി നൽകുകയും ചെയ്തു. കഴിഞ്ഞാഴ്ച യുവാവ് വീണ്ടും ശല്യപ്പെടുത്തിയതോടെ പെൺകുട്ടി വീട്ടുകാരെ വിവരം അറിയിച്ചു

കഴിഞ്ഞ ദിവസം ശാലിനിയുടെ പിതാവ് മുനിരാജിനെ താക്കീത് ചെയ്തു. ഇതിന്റെ പ്രതികാരത്തിലാണ് ഇന്ന് രാവിലെ ഇയാൾ വഴിവക്കിൽ കാത്തുനിന്നത്. സംസാരിക്കാൻ താത്പര്യമില്ലെന്ന് പറഞ്ഞ് മുന്നോട്ടു നടന്ന പെൺകുട്ടിയുടെ കഴുത്തിലും നെഞ്ചിലും ഇയാൾ കുത്തുകയായിരുന്നു. 

പിന്നാലെ ഓടിരക്ഷപ്പെടാൻ ശ്രമിച്ച മുനിരാജിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ശാലിനിയെ രാമേശ്വരത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.