അണ്ണാ യൂണിവേഴ്‌സിറ്റിയിലെ ലൈംഗിക പീഡനം: അന്വേഷണത്തിന് വനിതാ പോലീസിന്റെ പ്രത്യേക സംഘം
അണ്ണാ യൂണിവേഴ്സിറ്റിയിൽ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ് അന്വേഷിക്കാൻ വനിതാ പോലീസിന്റെ പ്രത്യേക സംഘത്തെ നിയോഗിച്ച് മദ്രാസ് ഹൈക്കോടതി. കേസിലെ എഫ്ഐആറിലുണ്ടായ പിഴവുകളും പ്രത്യേക സംഘം അന്വേഷിക്കും. പെൺകുട്ടിയുടെ പഠനചെലവുകൾ ഒഴിവാക്കാനും എഫ്ഐആറിലെ പിഴവിൽ കുട്ടിക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു. സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ വസ്തുതാന്വേഷണ സമിതി രൂപീകരിച്ചു.
സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി പരിണഗിച്ച മദ്രാസ് ഹൈക്കോടതി അവധിക്കാല ബെഞ്ച് ഇന്നും പോലീസിനെതിരെ അതിരൂക്ഷ വിമർശനമാണുന്നയിച്ചത്. വെബ്സൈറ്റിൽ അപ്ലോഡ് ചെയ്ത കേസിലെ എഫ്ഐആറിൽ പെൺകുട്ടിയുടെ വ്യക്തിഗത വിവരങ്ങൾ ഉൾപ്പെട്ടത് പോലീസിന്റെ വലിയ പിഴവാണ്. കേസിലെ പ്രാഥമിക അന്വേഷണം നടക്കുമ്പോൾ തന്നെ കമ്മീഷണർ മാധ്യമങ്ങളെ കണ്ടത് എന്ത് അടിസ്ഥാനത്തിലാണെന്നും കോടതി ചോദിച്ചു.
പെൺകുട്ടിയെ മോശക്കാരിയായി ചിത്രീകരിക്കുന്ന പല പരാമർശങ്ങളും എഫ്ഐആറിൽ ഉണ്ട്. പെൺകുട്ടിയെ എന്തിനാണ് വേട്ടയാടാൻ അനുവദിക്കുന്നത് എന്ന് കോടതി ചോദിച്ചു. കേസ് അന്വേഷിക്കാൻ വനിതാ പോലീസിന്റെ പ്രത്യേകസംഘത്തെ നിയോഗിച്ച കോടതി എഫ്ഐആറിൽ സംഭവിച്ച ഓരോ പിഴവും അന്വേഷിക്കണമെന്ന് പ്രത്യേകം നിർദേശിച്ചു.