അതിശയിപ്പിച്ച് ആപ്പിള്‍; പുതിയ ഐഫോണ്‍ 17 എയറിന്‍റെ ഡിസൈൻ ചോര്‍ന്നു

വിപണിയില്‍ പുതിയ മാറ്റം പരീക്ഷിക്കാനും ഐഫോണ്‍ പ്രേമികളുടെ ഹൃദയം കീഴടക്കാനും ‘ആപ്പിൾ ഐഫോൺ 17 എയർ’ മോഡൽ സ്ലിം ഡിസൈനോടുകൂടി ഈ വർഷം അവസാനം പുറത്തിറങ്ങുമെന്ന് റിപ്പോർട്ടുകൾ. ഐഫോൺ 17 സീരീസ് സ്‌മാർട്ട്‌ഫോണുകളിലെ ഏറ്റവും സ്ലിം ബോഡിയോട് കൂടെയുള്ള ഹാൻഡ്‌സെറ്റ് ആയിരിക്കും.
‘പ്ലസ്’ മോഡലിന് പകരക്കാരനായിരിക്കും ഐഫോൺ 17 എയറെന്നുമാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ആപ്പിളിന്‍റെ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ഒതുക്കമുള്ള ഐഫോൺ ആയിരിക്കും ഐഫോൺ 17 എയർ. ഫ്രണ്ട്പേജ് ടെക് പങ്കിട്ട ഒരു വീഡിയോയിലാണ് ഐഫോണ്‍ 17 എയറിനെ കുറിച്ചുള്ള വിവരങ്ങള്‍ ഉള്ളത്.
ഐഫോൺ 17 എയറിന് ഒരു റിയർ ക്യാമറയാണ് പ്രതീക്ഷിക്കുന്നത്. ഹൊറിസോണ്ടൽ ക്യാമറ മൊഡ്യൂളായിരിക്കും ഉണ്ടാകുക. ആപ്പിളിൻ്റെ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും നേര്‍ത്ത ഡിസൈനിലുള്ള ഐഫോണായിരിക്കും ഇതെന്ന് ചിലര്‍ സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ പങ്കുവച്ച് വ്യക്തമാക്കുന്നു. 5.5mm എന്ന രീതിയില്‍ വളരെ സ്ലിം ബോഡിയിലുള്ള ഡിസൈനിലായിരിക്കുമെന്നും പറയപ്പെടുന്നു.
ഫോണിൻ്റെ പുറകിലായി മുകളിൽ ഇടത് വശത്ത് നിന്ന് വലത് വശത്തേക്ക് നീളമേറിയ ക്യാമറയാണ് ഈ ഫോണിനുള്ളത്. ക്യാമറ മൊഡ്യൂളിൻ്റെ ഇടതുവശത്ത് ഒരു പിൻ ക്യാമറയും വലതുവശത്ത് ഒരു എൽഇഡി ഫ്ലാഷും കാണാം. ഐഫോൺ 16 പ്രോയിലും 17ൻ്റെ സമാനമായ ഫീച്ചറുകൾ നിർമാതാക്കൾ അവതരിപ്പിച്ചിരുന്നു. 16 പ്രോയെക്കാളും കുറച്ചു കൂടെ വിശാലമായ ക്യാമറയാണ് ഐഫോൺ 17ൽ ഉള്ളത്. 6.9mm എന്ന ഏറ്റവും നേര്‍ത്ത ഡിസൈനില്‍ എത്തിയ ഐഫോൺ 6നെക്കാൾ സ്ലിം ഡിസൈനിലാകും ഐഫോൺ 17 എയർ.
പഴയ ഒരു റിപ്പോർട്ട് പ്രകാരം ആപ്പിൾ ഐഫോൺ 17 സീരീസിൻ്റെ ഡിസൈൻ അലൂമിനിയം ഫ്രെയിം ഉപയോഗിച്ച് നവീകരിക്കുമെന്നും വയർലെസ് ചാർജിംഗിനായി പിൻ പാനലിൻ്റെ ഒരു ഭാഗം ഗ്ലാസ് കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നതുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഈ വർഷം അവസാനമായിരിക്കും ഐഫോണ്‍ 17 എയറിന്‍റെ ലോഞ്ചിങ്. എയർ മോഡലിനെക്കുറിച്ച് ആപ്പിൾ ഇതുവരെ ഒരു വിവരവും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഔദ്യോഗിക ലോഞ്ചിങ് വേളയിലാകും എല്ലാ വിവരങ്ങളും പുറത്തുവിടുക.