Sports

ബൊളീവിയയെ എതിരില്ലാത്ത 6 ഗോളിന് തകർത്ത് അർജന്റീന, മെസിക്ക് ഹാട്രിക്; ബ്രസീലിനും ജയം

ലോകകപ്പ് യോഗ്യത മത്സരത്തിൽ അർജന്റീനക്കും ബ്രസീലിനും ജയം. ബൊളിവീയക്കെതിരായ മത്സരത്തിൽ എതിരില്ലാത്ത ആറ് ഗോളിനാണ് ലോക ചാമ്പ്യൻമാരായ അർജന്റീന ജയിച്ചത്. പരുക്കിന് ശേഷം ടീമിലേക്ക് മടങ്ങിയെത്തിയ ലയണൽ മെസി ഹാട്രിക്കുമായി കളം നിറയുകയും ചെയ്തു.

സമ്പൂർണാധിപത്യം പുലർത്തിയ മത്സരത്തിൽ 73 ശതമാനം പന്തടക്കവും അർജന്റീനൻ താരങ്ങളുടെ കാലുകളിലായിരുന്നു. 19ാം മിനിറ്റിൽ മെസിയാണ് ഗോൾ വേട്ട ആരംഭിച്ചത്. 43ാം മിനിറ്റിൽ ലൗട്ടാര മാർട്ടിനസും ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് അൽവാരസും അർജന്റീനയുടെ ലീഡ് ഉയർത്തി

69ാം മിനിറ്റിൽ തിയാഗോ അൽമാഡ അർജന്റീനയുടെ നാലാം ഗോൾ നേടി. 84, 86 മിനിറ്റുകളിൽ നേടിയ ഗോളുകളിലൂടെ മെസി ഹാട്രിക് തികയ്ക്കുകയും ചെയ്തു.

പെറുവിനെതിരായ മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളിനാണ് ബ്രസീലിന്റെ ജയം. 38, 54 മിനിറ്റുകളിൽ ലഭിച്ച പെനാൽറ്റികൾ റാഫീന്യോ ഗോളാക്കി മാറ്റി. 71ാം മിനിറ്റിൽ ആൻഡേസ് പെരേരയും 74ാം മിനിറ്റിൽ ലൂയിസ് ഹെന്റിക്കും ബ്രസീലിന്റെ ഗോൾ പട്ടിക പൂർത്തിയാക്കി.

Related Articles

Back to top button