അർജന്റീന ടീം ഒക്ടോബറിൽ കേരളത്തിലെത്തും; സൗഹൃദ മത്സരം കളിക്കുമെന്ന് സ്‌പോൺസർമാർ

അർജന്റീന ടീം ഒക്ടോബറിൽ കേരളത്തിലെത്തിയേക്കുമെന്ന് റിപ്പോർട്ട്. ഒക്ടോബറിൽ അർജന്റീന കേരളത്തിൽ സൗഹൃദ മത്സരം കളിക്കുമെന്ന് സ്‌പോൺസർമാരായ എച്ച്എസ്ബിസി അറിയിച്ചു. അർജന്റീന ടീമിന്റെ ഇന്ത്യയിലെ സ്‌പോൺസർമാരാണ് എച്ച്എസ്ബിസി.
സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് പ്രഖ്യാപനം. ഇന്ത്യൻ ഫുട്‌ബോളുമായി സഹകരിച്ചും അതിനെ പ്രോത്സാഹിപ്പിച്ചും മത്സരം കളിക്കാൻ അർജന്റീനയും മെസിയും ഒക്ടോബറിൽ എത്തുമെന്നാണ് പ്രഖ്യാപനം. ലയണൽ മെസി അടക്കമുള്ള ദേശീയ താരങ്ങൾ 2025 ഒക്ടോബറിൽ ഒരു അന്താരാഷ്ട്ര പ്രദർശന മത്സരത്തിനായി ഇന്ത്യ സന്ദർശിക്കുമെന്നാണ് എച്ച്എസ്ബിസി അറിയിച്ചത്.
വേദി എവിടെയാണെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും കേരളത്തിൽ വെച്ചാകും മത്സരം നടക്കുക എന്ന കാര്യത്തിൽ ഏകദേശ ധാരണയായിട്ടുണ്ട്. കഴിഞ്ഞ നവംബറിൽ മന്ത്രി അബ്ദുറഹ്മാനും അർജന്റീന ടീം കൊച്ചിയിൽ സൗഹൃദ മത്സരം കളിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.