
ദുബായ്: 2024 ഇ-സ്കൂട്ടര്‍, സൈക്കിള്‍ എന്നിവയുമായി ബന്ധപ്പെട്ട് മൊത്തം 254 അപകടങ്ങള്‍ സംഭവിച്ചതായി ദുബായ് പോലീസ്. പത്തു പേര് അപകടങ്ങളില്‍ മരിക്കുകയും 250 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. 17 പേരുടെ പരിക്ക് ഗുരുതരമായിരുന്നു. ദുബായ് പോലീസും ആര്‍ടിഎയും സംയുക്തമായി നടത്തിയ ബോധവല്‍ക്കരണ പരിപാടിയിലാണ് ദുബായ് പോലീസ് കണക്കുകള്‍ വ്യക്തമാക്കിയത്. 133 പേര്‍ക്ക് സാരമായ രീതിയില്‍ അപകടങ്ങളില്‍ പരിക്കേറ്റപ്പോള്‍ 109 പേരുടെ പരിക്ക് നിസ്സാരമായിരുന്നു.
ഗുണനിലവാരമുള്ള കമ്പനികളുടെ ഹെല്‍മറ്റും അനുബന്ധ സുരക്ഷാ ഉപകരണങ്ങളും ധരിക്കുക, സൈക്കിളിന്റെ മുന്‍ഭാഗത്ത് തിളങ്ങുന്ന വെള്ള ലൈറ്റുകളും പിന്നില്‍ ചുവന്ന ലൈറ്റുകളും ഘടിപ്പിക്കുക, സൈക്കിളുകളില്‍ ഫംഗ്ഷന് ബ്രേക്കുകള്‍ ഘടിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക തുടങ്ങിയവയെ കുറിച്ച് അധികൃതര്‍ വാഹനം ഉപയോഗിക്കുന്നവരെ പരിപാടിയില്‍ ബോധവല്‍ക്കരിച്ചു. നഗരത്തിലെ 7 പ്രധാന മേഖലകളെ കേന്ദ്രീകരിച്ച് ആയിരുന്നു ബോധവല്‍ക്കരണ പരിപാടി നടത്തിയത്. അല്‍ ബര്‍ഷ, മറീന, അല്‍ മുറകബാത്ത്, കറാമ, ഖാലിദ് ബിന്‍ അല്‍ വലീദ് സ്ട്രീറ്റ്, അല്‍ സത്വ, അല്‍ റുക്ന് എന്നിവയായിരുന്നു ഈ മേഖലകള്‍.
അതേസമയം വാഹനം ഓടിക്കുന്ന ഡ്രൈവര്‍മാര്‍ പൊതുജനങ്ങളുടെ ജീവനും സ്വത്തിനും അപകടമുണ്ടാക്കുന്ന തരത്തില്‍ അശ്രദ്ധമായ രീതിയില്‍ വാഹനം ഓടിക്കുന്നത് കുറക്കാന്‍ ലക്ഷ്യമിട്ട് ദുബായ് പോലീസ് ഗതാഗത സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് കനത്ത പിഴ ചുമത്തുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്.