വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ ഡൽഹിയിൽ 28കാരനായ പൈലറ്റ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ 28കാരനായ പൈലറ്റ് ഹൃദയാഘാതം മൂലം മരിച്ചു. എയർ ഇന്ത്യ എക്‌സ്പ്രസ് പൈലറ്റാണ് മരിച്ചത്. ശ്രീനഗറിൽ നിന്നുള്ള വിമാനം ഡൽഹിയിൽ ലാൻഡ് ചെയ്തതിന് പിന്നാലെ പൈലറ്റിന് ഹൃദയാഘാതമുണ്ടാവുകയായിരുന്നു. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതിന് ശേഷമായിരുന്നു സംഭവം.
വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ പൈലറ്റിന് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായി. കാബിനിനുള്ളിൽ ഛർദിച്ച പൈലറ്റിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജീവനക്കാരന്റെ മരണത്തിൽ എയർ ഇന്ത്യ ദുഃഖം രേഖപ്പെടുത്തി.
വിലപ്പെട്ട ഒരു സഹപ്രവർത്തകനെ നഷ്ടപ്പെട്ടതിൽ ഞങ്ങൾ അഗാധമായി ഖേദിക്കുന്നു. ഞങ്ങൾ കുടുംബത്തോടൊപ്പമുണ്ട്. അവർക്ക് സാധ്യമായ എല്ലാ സഹായങ്ങളും നൽകും. ഈ സമയത്ത് സ്വകാര്യതയെ മാനിക്കാനും അനാവശ്യമായ ഊഹാപോഹങ്ങൾ ഒഴിവാക്കാനും ഞങ്ങൾ ബന്ധപ്പെട്ട എല്ലാവരോടും അഭ്യർഥിക്കുന്നുവെന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് വക്താവ് പ്രസ്താവനയിൽ പറഞ്ഞു.