വനിതാ മന്ത്രിയോട് മോശം പരാമർശം; ബിജെപി നേതാവ് സി ടി രവി അറസ്റ്റിൽ
കർണാടക നിയമസഭ കൗൺസിൽ ചർച്ചക്കിടെ മോശം പരാമർശം നടത്തിയെന്ന മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കറുടെ പരാതിയിൽ ബിജെപി എംഎൽസിയും ബിജെപി മുൻ ദേശീയ ജനറൽ സെക്രട്ടറിയുമായ സി ടി രവി അറസ്റ്റിൽ. സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ്. അംബേദ്കർ പരാമർശവുമായി ബന്ധപ്പെട്ട് നിയമസഭ കൗൺസിലിൽ നടന്ന ചർച്ചക്കിടെ രാഹുൽ ഗാന്ധി ലഹരിമരുന്നിന് അടിമയാണെന്നും സി ടി രവി ആരോപിച്ചിരുന്നു
ഇതോടെ ലക്ഷ്മി ഹെബ്ബാൾക്കർ രവിയെ കൊലയാളിയെന്ന് വിളിച്ചു. രവിയുടെ കാർ ഇടിച്ച് രണ്ട് പേർ മരിച്ച സംഭവം സൂചിപ്പിച്ചായിരുന്നു പരാമർശം. ഇതിൽ പ്രകോപിതനായ രവി ലക്ഷ്മിക്കെതിരെ ആവർത്തിച്ച് മോശം പരമാർശം നടത്തുകയായിരുന്നു. ഇതിനിടെ ലക്ഷ്മിയുടെ അനുയായികൾ നിയമസഭാ മന്ദിരത്തിലേക്ക് കടന്നുകയറി സിടി രവിയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു
വിധാൻ സൗധക്ക് പുറത്ത് പാർക്ക് ചെയ്തിരുന്ന രവിയുടെ കാറും പ്രതിഷേധക്കാർ അടിച്ചുതകർത്തു. ഇരുസംഭവങ്ങളിലുമായി 25 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.