പോലീസിൽ എഡിജിപിമാരുടെ പോര്; എംആർ അജിത് കുമാറിനെതിരെ പരാതി നൽകി പി വിജയൻ
എഡിജിപി എംആർ അജിത് കുമാർ തനിക്കെതിരെ കള്ളമൊഴി നൽകിയെന്ന് ഇന്റലിജൻസ് എഡിജിപി പി വിജയന്റെ പരാതി. തനിക്ക് കരിപ്പൂരിലെ സ്വർണക്കള്ളക്കടത്തുകാരുമായി ബന്ധമുണ്ടെന്ന് അന്വേഷണ സംഘത്തിന് എംആർ അജിത് കുമാർ നൽകിയ മൊഴി കള്ളമാണെന്നും കേസെടുക്കണമെന്നും ഡിജിപിക്ക് മൂന്നാഴ്ച മുമ്പ് നൽകിയ പരാതിയിൽ പി വിജയൻ ആവശ്യപ്പെട്ടതായാണ് വിവരം
സാധാരണ നിലയിൽ ഡിജിപിക്ക് തന്നെ ഇത്തരം പരാതികളിൽ തീരുമാനമെടുക്കാമെങ്കിലും ഉന്നത തസ്തികയിൽ ഇരിക്കുന്ന രണ്ട് മുതിർന്ന ഉദ്യോഗസ്ഥർ തമ്മിലുള്ള പ്രശ്‌നമായതിനാൽ പരാതി ആഭ്യന്തര വകുപ്പിന് കൈമാറിയിട്ടുണ്ട്
നേരത്തെ അജിത് കുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ടയാളാണ് പി വിജയൻ. കോഴിക്കോട് ഏലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതികളെ പിടികൂടി കൊണ്ടുവരുന്നതിനിടെ വിവരം മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്നായിരുന്നു എഡിജിപിയുടെ റിപ്പോർട്ട്.