രാഹുല്‍ രാഷ്ട്രപതിയെ അഭിവാദ്യം ചെയ്തില്ലെന്ന്; പുതിയ ആരോപണവുമായി ബി ജെ പി
ആദിവാസി വിഭാഗത്തോട് രാഹുലിന് പരിഹാസമെന്ന്
ന്യൂഡല്‍ഹി: ഭരണഘടനാ ദിനത്തില്‍ പാര്‍ലമെന്റില്‍ നടന്ന സമ്മേളനത്തില്‍ രാഹുല്‍ രാഷ്ട്രപതിയെ അപമാനിച്ചുവെന്ന് ബി ജെ പി. പാര്‍ലിമെന്റില്‍ നടന്ന സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതിനിടെ രാഹുല്‍ ഗാന്ധി രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ അഭിവാദ്യം ചെയ്തില്ലെന്നും ഇത് രൂക്ഷമായ പരിഹാസമാണെന്നുമാണ് ബി ജെ പിയുടെ വിമര്‍ശനം.
ഭരണഘടനാ വാര്‍ഷികാഘോഷ ചടങ്ങില്‍ രാഷ്ട്രപതിയുടെ അഭിവാദ്യം സ്വീകരിക്കാതെ രാഹുല്‍ ഗാന്ധി തിരിഞ്ഞു നടന്നുവെന്നാണ് ആരോപണം. രാഹുല്‍ ഗാന്ധിയുടെ പെരുമാറ്റം ധാര്‍ഷ്ട്യമാണെന്നാണ് ബിജെപി വക്താവ് അമിത് മാളവ്യയുടെ കുറ്റപ്പെടുത്തല്‍. ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ആളായതിനാല്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ദ്രൗപതി മുര്‍മുവിനെ അഭിവാദ്യം ചെയ്തിട്ടില്ലെന്ന വിമര്‍ശനം വീഡിയോയ്‌ക്കൊപ്പമാണ് അമിത് മാളവ്യ പങ്കുവെച്ചത്.
ഇന്നാണ് ദ്രൗപതി മുര്‍മു ഭരണഘടനാ ദിനത്തില്‍ പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തിരുന്നു. രാഷ്ട്രത്തെ രൂപപ്പെടുത്തുന്നതില്‍ ഇന്ത്യന്‍ ഭരണഘടനയുടെ പ്രാധാന്യത്തെ ചൂണ്ടിക്കാണിച്ചായിരുന്നു രാഷ്ട്രപതിയുടെ പ്രസംഗം.
എന്നാല്‍, രാഷ്ട്രപതിയെ അഭിവാദ്യം ചെയ്യാതെ രാഹുല്‍ ഗാന്ധി പോയെന്നാണ് ബി ജെ പി നേതാക്കള്‍ വിമര്‍ശിക്കുന്നത്. രാഹുലിന് കുടുംബവാഴ്ചയുടെ അവകാശവും ധാര്‍ഷ്ട്യവുമുണ്ടെന്നായിരുന്നു ബിജെപി വക്താവ് സി ആര്‍ കേശവന്റെ ആരോപണം. രാഹുല്‍ ഗാന്ധി കുടുംബം ആദിവാസികളോട് വിദ്വേഷം പുലര്‍ത്തുന്നുവെന്നായിരുന്നു ബിജെപി നേതാവ് പ്രദീപ് ഭണ്ഡാരിയുടെ പ്രതികരണം. രാഹുല്‍ ഗാന്ധി ഒഴികെ എല്ലാവരും ഇന്ത്യന്‍ പ്രസിഡന്റിനെ അഭിവാദ്യം ചെയ്തു! എന്തുകൊണ്ടാണ് വദ്ര ഗാന്ധി കുടുംബം ആദിവാസികളെ ഇത്രയധികം വെറുക്കുന്നത്? രാഹുല്‍ ഗാന്ധി ആദിവാസി വിരുദ്ധനാണ് എന്നായിരുന്നു പ്രദീപ് ഭണ്ഡാരിയുചെ പ്രതികരണം.