ബിജെപി പ്രവർത്തകൻ മുഴപ്പിലങ്ങാട് സൂരജിനെ വെട്ടിക്കൊന്ന കേസ്; ഒമ്പത് പ്രതികൾ കുറ്റക്കാർ

ബിജെപി പ്രവർത്തകനായിരുന്ന മുഴപ്പിലങ്ങാട് സൂരജിനെ വെട്ടിക്കൊന്ന കേസിൽ ഒമ്പത് പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. പത്താം പ്രതിയെ വെറുതെവിട്ടു. സിപിഎം വിട്ട് ബിജെപിയിൽ ചേർന്ന വിരോധത്തിൽ 2005 ഓഗസ്റ്റ് ഏഴിന് രാവിലെയാണ് സൂരജിനെ കൊലപ്പെടുത്തിയത്
രാഷ്ട്രീയ വിരോധത്തോടെ ബോംബെറിഞ്ഞ ശേഷം മഴുവും കൊടുവാളും ഉപയോഗിച്ച് വെട്ടിക്കൊന്നുവെന്നാണ് കേസ്. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പിഎം മനോജിന്റെ സഹോദരൻ മനോരാജ് നാരായണൻ, ടിപി കേസ് പ്രതി ടികെ രജീഷ് എന്നിവരടക്കമുള്ള പ്രതികളാണ് ശിക്ഷിക്കപ്പെട്ടത്.
തുടക്കത്തിൽ 10 പേർക്കെതിരെയാണ് പോലീസ് കേസെടുത്തിരുന്നതെങ്കിലും ടികെ രജീഷ് നടത്തിയ കുറ്റസമ്മത മൊഴി പ്രകാരം രണ്ട് പേരെ കൂടി പ്രതി ചേർത്തു. ഇതിലൊരാളാണ് മനോരാജ് നാരായണൻ. ഒന്നാം പ്രതി പികെ ഷംസുദ്ദീൻ, 12ാം പ്രതി ടിപി രവീന്ദ്രൻ എന്നിവർ നേരത്തെ മരിച്ചു.
ഒന്നാം പ്രതിയാണ് ടികെ രജീഷ്, എൻ വി യാഗേഷ്, കെ ഷംജിത്ത്, നെയ്യോത്ത് സജീവൻ, പണിക്കന്റവിട വീട്ടിൽ പ്രഭാകരൻ, പുതുശേരി വീട്ടിൽ കെവി പത്മനാഭൻ, മനോമ്പേത്ത് രാധാകൃഷ്ണൻ, നാഗത്താൻകോട്ട പ്രകാശൻ, പുതിയപുരയിൽ പ്രദീപൻ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ