പാലക്കാട് ഇനിയും ബോംബുകൾ പൊട്ടും, പാർട്ടിക്ക് വിവരം ലഭിച്ചിട്ടുണ്ട്: എംവി ഗോവിന്ദൻ
ഉപതെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പാലക്കാട് കള്ളപ്പണ ആരോപണം സജീവമാക്കി സിപിഎം. ശക്തമായ അന്വേഷണം വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. കള്ളപ്പണ പരാതിയിൽ ശക്തമായ അന്വേഷണം വേണം. കേസ് രജിസ്റ്റർ ചെയ്‌തോ ഇല്ലയോ എന്നൊന്നും നോക്കേണ്ട. കോൺഗ്രസും ബിജെപിയും കള്ളപ്പണം ഉപയോഗിക്കുന്നുണ്ട്
പാലക്കാട് ഇനിയും ബോംബുകൾ പൊട്ടും. പാർട്ടിക്ക് റിപ്പോർട്ട് കിട്ടിയിട്ടുണ്ട്. ദിവ്യയുടെ പേര് പറഞ്ഞ് വോട്ട് പിടിക്കാമെന്ന് കരുതേണ്ട. പി സരിന് വിജയം ഉറപ്പാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു. തെരഞ്ഞെടുപ്പിൽ കോൺഗ്രസ്-ബിജെപി ഡീൽ ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ആരോപിച്ചു.
ചേലക്കരയിൽ നടത്തിയ പ്രസംഗത്തിലാണ് മുഖ്യമന്ത്രിയുടെ പരാമർശം. നേമത്തും തൃശ്ശൂരിലും ബിജെപി അക്കൗണ്ട് തുറന്നത് കോൺഗ്രസുമായുണ്ടായ ഡീലിന്റെ ഭാഗമായിരുന്നു. വോട്ട് കണക്ക് എടുത്താൽ മാത്രം കാര്യം മനസ്സിലാകും. കോൺഗ്രസ് അംഗീകാരമുള്ള ആളെ തന്നെ തൃശ്ശൂരിൽ സ്ഥാനാർഥിയാക്കി. 2019ൽ കിട്ടിയ വോട്ടിനേക്കാൾ കുറവാണ് കോൺഗ്രസിന് കിട്ടിയത്. ആ വോട്ട് എങ്ങോട്ട് പോയെന്ന് വ്യക്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു