രാജ്യത്തെ നടുക്കി ക്രൂരബലാത്സംഗം; അണ്ണാ യൂണിവേഴ്സ്റ്റി ക്യാമ്പസിൽ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്തു
ചെന്നൈ: ക്രിസ്മസ് ദിനത്തിൽ രാജ്യത്തെ നടുക്കി വീണ്ടും ക്രൂര ബലാത്സംഗം. ചെന്നെെയിലാണ് സംഭവം. ചെന്നൈ അണ്ണാ സർവകലാശാല ക്യാമ്പസിലെ വിദ്യാർത്ഥിനിയെയാണ് രണ്ടുപേർ ചേർന്ന് ബലാത്സംഗം ചെയ്തത്. സംഭവത്തിൽ ചെന്നൈ സിറ്റി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 64 (ബലാത്സംഗത്തിനുള്ള ശിക്ഷ) പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിനിയുടെ മൊഴി വനിതാ പോലീസ് സംഘം രേഖപ്പെടുത്തി. പ്രതികൾക്കായുള്ള അന്വേഷണം പൊലീസ് ഊർജ്ജിതമാക്കി.
ക്യാമ്പസിലെ രണ്ടാം വർഷ എൻജിനീയറിംഗ് വിദ്യാർത്ഥിനിയാണ് പീഡനത്തിന് ഇരയായതെന്നാണ് റിപ്പോർട്ട്. ഇന്നലെ രാത്രി സർവ്വകലാശാല ക്യാമ്പസിലാണ് രാജ്യത്തെ നടുക്കിയ സംഭവമുണ്ടായത്. പെൺകുട്ടി കോളേജിലെ നാലാം വർഷ വിദ്യാർത്ഥിയായ സുഹൃത്തിനൊപ്പം പള്ളിയിൽ പോയിരുന്നു. തിരിച്ച് ക്യാമ്പസിലേക്ക് വരും വഴിയാണ് സംഭവമുണ്ടായത്. പെൺകുട്ടിയുടെ ആൺ സുഹൃത്ത് ഉൾപ്പെടെ 20 പേരെ ചോദ്യം ചെയ്തതായും വിവരമുണ്ട്.
ക്യാമ്പസിലെ ആളൊഴിഞ്ഞ സ്ഥലത്ത് രണ്ട് പേർ സംഘം ചേർന്ന് സുഹൃത്തിനെ മർദിച്ച് അവശനാക്കി. തുടർന്ന് പെൺകുട്ടിയെ കുട്ടിക്കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടു പോയി ബലാത്സഗം ചെയ്തു. രക്ഷപ്പെട്ട .യുവാവാണ് കോട്ടൂർപുരം അസിസ്റ്റൻ്റ് പോലീസ് കമ്മീഷണറുടെ ഓഫീസിൽ പരാതി നൽകിയത്. സുഹൃത്തിനെ മർദ്ദിച്ച് അവശനാക്കിയതിന് ശേഷമാണ് പ്രതികൾ തന്നെ പീഡിപ്പിച്ചതെന്ന് യുവതിയും പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ കോട്ടൂർപുരം പൊലീസാണ് കേസ് രജിസ്റ്റർ അന്വേഷണം നടത്തുന്നത്.
പൊലീസും അണ്ണാ യൂണിവേഴ്സിറ്റി അധികൃതരും യൂണിവേഴ്സിറ്റിയിലെയും സമീപ പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണ്. പ്രതികൾ അണ്ണാ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളാണോ എന്ന സംശയവും പൊലീസ് പ്രകടിപ്പിക്കുന്നുണ്ട്. സെബർ സെല്ലിന്റെ സഹായത്തോടെ ഇന്നലെ രാത്രിയിലെ പ്രദേശത്തെ മൊബെെൽ ഫോൺ സിഗ്നലുകളും പൊലീസ് പരിശോധിക്കുന്നുണ്ട്. രാത്രിയിൽ ക്യാമ്പസിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.
നിരവധി പേരാണ് സംഭവത്തിൽ അപലപിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. “ചെന്നൈയിലെ അണ്ണാ യൂണിവേഴ്‌സിറ്റിയിൽ രണ്ട് പേർ ചേർന്ന് വിദ്യാർത്ഥിനിയെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കി എന്ന വാർത്ത ഞെട്ടിപ്പിക്കുന്നതാണ്. തമിഴ്നാടിന്റെ ഹൃദയമായ അണ്ണാ യൂണിവേഴ്സിറ്റിയുടെ പരിസരത്ത് ഇത്തരത്തിലൊരു സംഭവം നടന്നത് എല്ലാവർക്കും അപമാനമാണ്. പ്രതികളെ എത്രയും വേഗം പിടികൂടി കടുത്ത ശിക്ഷ നൽകണം. എഐഎഡിഎംകെ ജനറൽ സെക്രട്ടറിയും പ്രതിപക്ഷ നേതാവുമായ എടപ്പാടി കെ.പളനിസ്വാമി സംഭവത്തിൽ അപലപിച്ചു കൊണ്ട് എക്സിൽ കുറിച്ചു. സ്ത്രീ സുരക്ഷയ്ക്കായി പൊലീസ് ഉണർന്ന് പ്രവർത്തിക്കണമെന്നും, സേനയ്ക്ക് ബന്ധപ്പെട്ട നിർദ്ദേശം നൽകാൻ താൻ ഡിഎംകെ സർക്കാരിനോട് അഭ്യർത്ഥിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപി തമിഴ്‌നാട് അദ്ധ്യക്ഷൻ കെ.അണ്ണാമലൈയും കുറ്റകൃത്യത്തെ അപലപിക്കുകയും ഡിഎംകെ നേതൃത്വത്തിലുള്ള സർക്കാരിനെ വിമർശിക്കുകയും ചെയ്തു. സംസ്ഥാനത്ത് ക്രമസമാധാന നില തകർന്നെന്ന് അണ്ണാമലൈ കുറ്റപ്പെടുത്തി.