NationalUSAWorld

ഈ രാജ്യത്തെ ഇന്ധനം വാങ്ങിയാൽ കളി മാറും; ട്രംപിന്റെ ഭീഷണിപ്പെടുത്തൽ: വേണ്ടെന്ന തീരുമാനത്തിൽ അംബാനിയുടെ റിലയൻസ്

പരമ്പരാഗതമായി ക്രൂഡ് ഓയിൽ ബിസിനസ് ചെയ്യുന്ന കമ്പനിയാണ് മുകേഷ് അംബാനി നേതൃത്ത്വം നൽകുന്ന റിലയൻസ് ഇൻഡസ്ട്രീസ്. ഇന്ത്യയിലെ ഏറ്റവും വിപണി മൂല്യം കൂടിയ കമ്പനി കൂടിയാണിത്. റഷ്യൻ ഇന്ധനം,യു.എസിലേക്ക് കയറ്റുമതി നടത്തി റിലയൻസ് ഇൻഡസ്ട്രീസ് വലിയ ലാഭം നേടിയതായ റിപ്പോർട്ടുകൾ അടുത്തിടെ പുറത്തു വന്നിരുന്നു. എന്നാൽ ഇപ്പോഴിതാ ഡൊണാൾഡ് ട്രംപിന്റെ ഭീഷണി റിലയൻസിനെയും മാറിച്ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചിരിക്കുകയാണ്.

ഇനി മുതൽ വെനസ്വേല എന്ന രാജ്യത്ത് നിന്ന് ക്രൂ‍ഡ് ഓയിൽ വാങ്ങേണ്ടതില്ല എന്നാണ് റിലയൻസ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നതെന്ന് ബ്ലൂംബർഗ് റിപ്പോർട്ട് പറയുന്നു. ദക്ഷിണ അമേരിക്കൻ രാജ്യങ്ങളിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്ന കമ്പനികൾക്ക് 25% തീരുവ ചുമത്താൻ ഡൊണാൾഡ് ട്രംപ് അനുമതി നൽകിയിരിക്കുകയാണ്. ഇതേത്തുടർന്നാണ് റിലയൻസിന്റെ തീരുമാനമെന്നാണ് റിപ്പോർട്ട് പറയുന്നത്
നിലവിൽ വെനസ്വേലയിൽ നിന്നുള്ള ക്രൂഡ് ഓയിലുമായി എത്തുന്ന Merey crude എന്ന കപ്പലിന്റെ വരവ് റിലയൻസ് പ്രതീക്ഷിച്ചിരിക്കവെയാണ് ട്രംപിന്റെ നടപടികൾ. എന്നാൽ ഇനി മുതൽ വെനസ്വേലയിൽ നിന്നുള്ള പർച്ചേസുകൾ റിലയൻസ് അവസാനിപ്പിച്ചിരിക്കുകയാണെന്ന് വിവിധ സോഴ്സുകളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ പറയുന്നു.
വെനസ്വേലയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി സംബന്ധിച്ച വിഷയത്തിൽ റിലയൻസിന് കഴിഞ്ഞ വർഷം യു.എസിൽ നിന്ന് ഇളവ് ലഭിച്ചിരുന്നു. കെപ്ലർ നൽകുന്ന ഷിപ് ട്രാക്കിങ് ഡാറ്റ പ്രകാരം ഈ വർഷം തുടക്കം മുതൽ ഇതു വരെ വെനസ്വേലയിൽ നിന്ന് 6.5 മില്യൺ ബാരൽ ക്രൂഡ് ഓയിലാണ് റിലയൻസ് ഇറക്കുമതി നടത്തിയിരിക്കുന്നത്. അതേ സമയം ഡൊണാൾഡ് ട്രംപിന്റെ ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച പുറത്തു വന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ വെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ ഇറക്കുമതി നടത്തുന്ന രാജ്യങ്ങൾക്ക് ഏപ്രിൽ രണ്ട് മുതൽ ഒരു ‘സെക്കൻഡറി താരിഫ്’ ചുമത്തുമെന്നാണ് പറയുന്നത്.

മറ്റ് ഇന്ത്യൻ എണ്ണക്കമ്പനികൾ കഴിഞ്ഞ വർഷം വെനസ്വേലയിൽ നിന്നുള്ള ഇന്ധനം നേരിട്ട് പർച്ചേസ് ചെയ്യുന്നതിന് പകരം ഇടനിലയിലുള്ള വ്യാപാരങ്ങളിലൂടെയാണ് വാങ്ങിയത്. അതേ സമയം എളുപ്പത്തിലും, വിലക്കുറവിലും ലഭ്യമാകുന്ന റഷ്യൻ ഇന്ധനത്തിന്റെ സപ്ലൈയാണ് ഇക്കാലയളവിൽ ഉയർന്നു നിന്നത്. റഷ്യയിൽ നിന്നും വൻതോതിലുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി റിലയൻസ് നടത്തുന്നുണ്ട്. വെനസ്വേലയിൽ നിന്നുള്ള ക്രൂഡ് ഓയിൽ, ഗ്യാസ് എന്നിവ വാങ്ങുന്ന രാജ്യങ്ങൾക്ക് ഉയർന്ന താരിഫ് ഏർപ്പെടുത്തുമെന്നാണ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളെ ബാധിക്കുന്ന തീരുമാനമാണ്. കൂടാതെ ആഗോള വ്യാപാരത്തിൽ സങ്കീർണതകൾ സൃഷ്ടിക്കാനും താരിഫ് നടപടികൾ കാരണമാകും.

‘വെനസ്വേല, യു.എസിനോട് ശത്രുതാപരമായ സമീപനമാണ് സ്വീകരിക്കുന്നത്. മനഃപൂർവം കുറ്റവാളികളെ യു.എസിലേക്ക് അയയ്ക്കുന്നു. ഇക്കാരണങ്ങളാൽ വെനസ്വേലയിൽ നിന്ന് ഓയിൽ/ഗ്യാസ് എന്നിവ വാങ്ങുന്ന, യു.എസിനോട് വ്യാപാര ബന്ധമുള്ള രാജ്യങ്ങൾക്ക് 25% താരിഫ് ചുമത്തും’- ട്രംപ് ട്രൂത്ത് സോഷ്യൽ പോസ്റ്റിലൂടെ അറിയിച്ചു

Related Articles

Back to top button
error: Content is protected !!