അപ്രതീക്ഷിത അന്ത്യത്തിലേക്ക് എത്തി; വിവാഹ മോചനത്തിന് പിന്നാലെ പ്രതികരണവുമായി റഹ്മാൻ
വിവാഹ മോചനത്തിന് പിന്നാലെ പ്രതികരണവുമായി എ ആർ റഹ്മാൻ. കഴിഞ്ഞ ദിവസമാണ് 29 വർഷത്തെ വിവാഹ ജീവിതം റഹ്മാൻ-സൈറ ദമ്പതികൾ അവസാനിപ്പിച്ച വിവരം പുറത്തുവന്നത്. സൈറയുടെ അഭിഭാഷക വന്ദന ഷായാണ് ഇരുവരും വേർപിരിയാനുള്ള തീരുമാനത്തെ കുറിച്ച് ഔദ്യോഗിക പ്രസ്താവന ഇറക്കിയത്.
മുപ്പതാം വർഷത്തിൽ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും എന്നാൽ എല്ലാ സംഭവങ്ങളെ പോലെയും അത് അപ്രതീക്ഷിത അന്ത്യത്തിലെത്തിയെന്നും റഹ്മാൻ പറഞ്ഞു. തകർന്ന ഹൃദയങ്ങളുടെ ഭാരത്തിൽ ദൈവങ്ങളുടെ സിംഹാസനം വരെ വിറയ്ക്കും. ഇത്രയും മോശം അവസ്ഥയിൽ തങ്ങളുടെ സ്വകാര്യത മാനിച്ച എല്ലാവർക്കും നന്ദിയും ബഹുമാനവും രേഖപ്പെടുത്തുന്നുവെന്നും റഹ്മാൻ പറഞ്ഞു
ബന്ധം തുടർന്ന് പോകുന്നതിലെ വൈകാരിക സമ്മർദത്തെ തുടർന്നാണ് തീരുമാനമെന്ന് സൈറയുടെ അഭിഭാഷക പ്രസ്താവനയിൽ അറിയിച്ചിരുന്നു. 1995ലാണ് സൈറയും റഹ്മാനും വിവാഹിതരായത്. ഖദീജ, റഹീമ, അമീൻ എന്നീ മൂന്ന് മക്കളും ഇവർക്കുണ്ട്.