
ടൊറന്റോ: കാനഡ, വാൻകൂവറിൽ ലാപുലാപു ആഘോഷത്തിൽ പങ്കെടുക്കാനെത്തിയ ആൾക്കൂട്ടത്തിലേക്ക് കാർ പാഞ്ഞുകയറി നിരവധി പേർ കൊല്ലപ്പെട്ടു. കനേഡിയൻ പ്രാദേശിക സമയം രാത്രി എട്ടുമണിയോടെയാണ് സംഭവം. എത്രപേർ സംഭവത്തിൽ കൊല്ലപ്പെട്ടുവെന്ന് ഔദ്യോഗീകമായി സ്ഥിരീകണം വന്നിട്ടില്ല.
കനേഡിയൻ തുറമുഖ നഗരമായ വൻകൂവറിൽ ഫിലിപ്പീനോ വിഭാഗത്തിന്റെ ഫുഡ് ഫെസ്റ്റ് നടക്കുന്നതിനിടെയാണ് അപകടം നടന്നത്. സംഭവത്തിൽ കാർ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ അറിയിക്കാമെന്നും കനേഡിയൻ പൊലീസ് അറിയിച്ചു.
സംഭവത്തിൽ ഡ്രൈവറെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്ന് വാൻകൂവൽ പോലീസ് എക്‌സിൽ കുറിച്ചു. അതേസമയം, സംഭവത്തിൽ 16 പേർ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. അപകടത്തിന്റെ ആഘാതത്തിൽ നിന്നും നഗരം മുക്തമായിട്ടില്ലെന്നും കൊല്ലപ്പെട്ടവരെക്കുറിച്ചും അവരുടെ കുടുംബത്തെക്കുറിച്ചുമാണ് ആലോചനയെന്നും വാൻകൂവർ കൗൺസിലർ പ്രതികരിച്ചു.
ഏകദേശം മുപ്പത് വയസ് പ്രായം വരുന്ന വാൻകൂവർ സ്വദേശിയാണ് കസ്റ്റഡിയിലായതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഫിലിപ്പിനോ വിഭാഗത്തിൻറെ പ്രധാന ആഘോഷമായ ലാപു ലാപുവിൽ പങ്കുചേരാൻ ആയിരത്തിലധികം പേരാണ് റോഡിൽ തടിച്ചുകൂടിയത്. ഇവർക്കിടയിലേക്ക് അമിത വേഗത്തിലെത്തിയ എസ്.യു.വി. കാർ ഇടിച്ചുകയറ്റുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
https://x.com/MarkJCarney/status/1916372984354243060
അപകടം നടുക്കമുളവാക്കുന്നതാണെന്നും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാമെന്നും കാനഡ പ്രധാനമന്ത്രി മാർക് കാർനി പ്രതികരിച്ചു.ഫിലിപ്പീൻസിലെ സാമ്രാജ്യത്വ വിരുദ്ധ ധീരനേതാവായിരുന്ന ലാപുലാപുവിൻറെ സ്മരണാർഥം നടത്തുന്ന ആഘോഷമാണ് ലാപുലാപു ഡേ.