വയനാടിനുള്ള ദുരന്തസഹായം വൈകിപ്പിച്ച് കേന്ദ്രം കേരളത്തെ വെല്ലുവിളിക്കുന്നു: മന്ത്രി കെ രാജൻ
വയനാടിനുള്ള ദുരന്ത സഹായത്തിൽ കേന്ദ്രം കേരളത്തെ വെല്ലുവിളിക്കുകയാണെന്ന് റവന്യു മന്ത്രി കെ രാജൻ. കേന്ദ്രത്തിന്റെ ദുരന്തസഹായം ഇനിയും വൈകും. കേരളത്തിന് പ്രത്യേക ഫണ്ട് എപ്പോൾ ലഭ്യമാക്കുമെന്ന കാര്യത്തിൽ ഇനിയും വ്യക്തതയില്ല. ലെവൽ 3 ദുരന്തവിഭാഗത്തിൽ ഉൾപ്പെടുത്തുമോ എന്ന കാര്യത്തിലും തീരുമാനമായിട്ടില്ല.
ദുരന്തസഹായം വൈകിപ്പിച്ച് കേന്ദ്രം കേരളത്തെ വെല്ലുവിളിക്കുകയാണ്. കേരളം ആവശ്യപ്പെട്ട കാര്യങ്ങൾക്ക് കൃത്യമായ മറുപടി പോലും കേന്ദ്രം നൽകിയില്ല. എസ് ഡി ആർ എഫിൽ തുകയുണ്ടെന്ന കേന്ദ്രത്തിന്റെ വാദം തെറ്റിദ്ധരിപ്പിക്കുന്നതാണ്. കേന്ദ്രത്തിന്റെ നിലപാട് അംഗീകരിക്കില്ലെന്നും മന്ത്രി പറഞ്ഞു
വയനാടിനോടുള്ള അവഗണന ശരിയല്ലെന്ന് ഡൽഹിയിലെ കേരളാ സർക്കാരിന്റെ പ്രതിനിധി കെവി തോമസും പ്രതികരിച്ചു. കേന്ദ്രത്തിന്റെ നടപടി രാജ്യത്തോടുള്ള വെല്ലുവിളിയാണ്. മറ്റ് സംസ്ഥാനങ്ങൾക്ക് കേന്ദ്രം ദുരിതാശ്വാസം നൽകുന്നുണ്ട്. കേന്ദ്രത്തിന്റെ അവഗണനക്കെതിരെ ഒറ്റക്കെട്ടായി നിൽക്കണമെന്നും കെവി തോമസ് പറഞ്ഞു.