
ഐസിസി ചാംപ്യൻസ് ട്രോഫി ഫൈനൽ പോരാട്ടത്തിൽ ന്യൂസിലൻഡ് ഇന്ത്യക്കു മുന്നിൽ വച്ചത് 252 റൺസ് വിജയലക്ഷ്യം. ടോസ് നേടി ആദ്യ ബാറ്റ് ചെയ്ത ന്യൂസിലൻഡ് നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 251 റൺസാണെടുത്തത്.
തുടക്കത്തിലെ ബാറ്റിങ് വെടിക്കെട്ടിനു ശേഷം തകർച്ച നേരിട്ട ന്യൂസിലൻഡ് കരുതലോടെ കളിച്ചപ്പോൾ റൺ നിരക്കെ കുത്തനെ കുറഞ്ഞു. 7.5 ഓവറിൽ സ്കോർ 57 എത്തിയ കിവീസിന്, അവിടെ വച്ച് ഓപ്പണർ വിൽ യങ്ങിന്റെ (23 പന്തിൽ 15) വിക്കറ്റാണ് ആദ്യം നഷ്ടമായത്. വരുൺ ചക്രവർത്തിയുടെ പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങുകയായിരുന്നു.
അപകടകാരിയായി മുന്നേറിക്കൊണ്ടിരുന്ന രചിൻ രവീന്ദ്രയുടെ വിക്കറ്റാണ് അടുത്തതായി വീണത്. 29 പന്തിൽ നാല് ഫോറും ഒരു സിക്സും സഹിതം 37 റൺസെടുത്ത രചിനെ കുൽദീപ് യാദവ് ക്ലീൻ ബൗൾ ചെയ്തു. 14 പന്തിൽ 11 റൺസെടുത്ത കെയ്ൻ വില്യംസണെ കുൽദീപ് തന്നെ സ്വന്തം പന്തിൽ പിടിച്ച് പുറത്താക്കുകയും ചെയ്തു.
ഡാരിൽ മിച്ചലുമൊത്ത് വിക്കറ്റ് കീപ്പർ ബാറ്റർ ടോം ലാഥം രക്ഷാപ്രവർത്തനത്തിനു ശ്രമിച്ചെങ്കിലും രവീന്ദ്ര ജഡേജയ്ക്കു കീഴടങ്ങി. 30 പന്തിൽ 14 റൺസെടുത്ത ലാഥം വിക്കറ്റിനു മുന്നിൽ കുടുങ്ങുകയായിരുന്നു. സ്വതസിദ്ധമായ ആക്രമണോത്സുക മാറ്റിവച്ച് ക്ഷമയോടെ പിടിച്ചുനിന്ന്, 52 പന്തിൽ 32 റൺസെടുത്ത ഗ്ലെൻ ഫിലിപ്സിനെ വരുൺ ചക്രവർത്തി രണ്ടാം വരവിൽ ക്ലീൻ ബൗൾ ചെയ്തു.
63 റൺസെടുത്ത ഡാരിൽ മിച്ചലിന്റെ രൂപത്തിലാണ് കിവീസിന് ആറാം വിക്കറ്റ് നഷ്ടമായത്. 101 പന്ത് നേരിട്ട് മൂന്ന് ബൗണ്ടറി മാത്രം നേടിയ മിച്ചൽ, മുഹമ്മദ് ഷമിയെ ഉയർത്തി അടിക്കാനുള്ള ശ്രമത്തിൽ ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് ക്യാച്ച് നൽകുകയായിരുന്നു.
അവസാന ഓവറുകളിൽ ആഞ്ഞടിച്ച മിച്ചൽ ബ്രേസ്വെല്ലിന്റെ (40 പന്തിൽ 53) ഇന്നിങ്സാണ് ന്യൂസിലൻഡിനെ പൊരുതാവുന്ന സ്കോറിലെത്തിച്ചത്.
സെമി ഫൈനൽ കളിച്ച അതേ ടീമിനെയാണ് ഇന്ത്യ ഫൈനലിലും അണിനിരത്തുന്നത്. ഒരു മാറ്റമാണ് ന്യൂസിലൻഡിനുള്ളത്. പരുക്കേറ്റ ഫാസ്റ്റ് ബൗളർ മാറ്റ് ഹെൻറിക്ക് പകരം ഓൾ റൗണ്ടർ നഥാൻ സ്മിത്ത് ടീമിലെത്തി.