ചാണ്ടി ഉമ്മൻ സഹോദരതുല്യൻ; ആരോപണത്തിന് മറുപടി നൽകേണ്ടത് നേതൃത്വമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചുമതലകൾ നൽകിയില്ലെന്ന കോൺഗ്രസ് നേതാവ് ചാണ്ടി ഉമ്മൻ എംഎൽഎയുടെ ആരോപണത്തിന് മറുപടിയുമായി പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. ചാണ്ടി ഉമ്മൻ സഹോദരതുല്യനാണ്. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ സാന്നിധ്യം തന്റെ വിജയത്തിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നും രാഹുൽ പറഞ്ഞു
ചാണ്ടി ഉമ്മൻ അതൃപ്തി അറിയിച്ചത് പാർട്ടി നേതൃത്വത്തെയാണ്. അതിൽ അഭിപ്രായം പറയേണ്ടത് നേതൃത്വത്തിൽ ഉള്ളവരാണ്. നേതൃത്വത്തോട് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം എല്ലാ പാർട്ടി പ്രവർത്തകനുമുണ്ട്. എന്റെയും അദ്ദേഹത്തിന്റെയും പാർട്ടി നേതൃത്വം ഒന്ന് തന്നെയാണ്
പാലക്കാട് ഉപതെരഞ്ഞെടുപ്പ് സമയത്ത് ചാണ്ടി ഉമ്മൻ പാലക്കാട് വന്നിരുന്നു. അദ്ദേഹത്തിന്റെ സാന്നിധ്യം പാർട്ടിയുടെ വിജയത്തിന് ഗുണപരമായ സ്വാധീനം ചെലുത്തുകയും ചെയ്തിരുന്നു. പാലക്കാട് എനിക്ക് ലഭിച്ച 18,840 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ചാണ്ടി ഉമ്മന്റെ സംഭാവനയും ഉണ്ടെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.