ഗവർണർ ബില്ലുകൾ ആറ് മാസത്തോളം തടഞ്ഞുവെക്കുന്നത് ന്യായീകരിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ്

ഗവർണർ ബില്ലുകൾ ആറുമാസത്തോളം തടഞ്ഞു വയ്ക്കുന്നത് ന്യായീകരിക്കാൻ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് ബി ആർ ഗവായി. രാഷ്ട്രപതി റഫറൻസിൽ കേന്ദ്രസർക്കാർ വാദം ഉന്നയിക്കുന്നതിനിടയിലാണ് ചീഫ് ജസ്റ്റിസിന്റെ നിരീക്ഷണം. ഗവർണർ കേന്ദ്രത്തിലും സംസ്ഥാനങ്ങൾക്കും ഇടയിലുള്ള സുപ്രധാന കണ്ണിയാണെന്നും ചീഫ് ജസ്റ്റിസ് ജസ്റ്റിസ് പറഞ്ഞു.
ഒരു ഭരണഘടനാ സ്ഥാപനം ചുമതല നിർവഹിക്കുന്നില്ലെങ്കിൽ മറ്റൊരു ഭരണഘടനാ സ്ഥാപനത്തിന് നിർദ്ദേശം നൽകാൻ കഴിയില്ല എന്നായിരുന്നു കേന്ദ്രത്തിന്റെ മറുപടി. രാഷ്ട്രപതി റഫറൻസിനെ എതിർക്കുന്നവരുടെ വാദം ആരംഭിച്ചു. ഗവർണർ സർക്കാർ ഉപദേശത്തിന് ബാധ്യസ്ഥൻ ആണെന്ന് റഫറൻസിനെ എതിർത്ത് വാദമുയർന്നു.
നിയമസഭ രണ്ടാമതും പാസാക്കി തിരിച്ചയക്കുന്ന ബില്ല് ഗവർണർക്ക് രാഷ്ട്രപതിക്ക് അയക്കാൻ കഴിയില്ല എന്നും എതിർഭാഗം കോടതിയിൽ പറഞ്ഞു. രാഷ്ട്രപതി റഫറൻസിൽ വാദം പുരോഗമിക്കുകയാണ്. ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്, ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് പി എസ് നരസിംഹ, ജസ്റ്റിസ് അതുൽ എസ് ചന്ദൂർക്കർ എന്നിവരടങ്ങുന്ന ഭരണഘടനാ ബെഞ്ചാണ് രാഷ്ട്രപതി റഫറൻസിൽ വാദങ്ങൾ കേൾക്കുന്നത്.