Kerala
കോഴിക്കോട് സ്വകാര്യ ബസിൽ വെച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം; കണ്ടക്ടർ അറസ്റ്റിൽ

കോഴിക്കോട് ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സ്വകാര്യ ബസ് കണ്ടക്ടർ അറസ്റ്റിൽ. നൊച്ചാട് സ്വദേശി റൗഫ് ആണ് അറസ്റ്റിലായത്. കോഴിക്കോട് കുറ്റ്യാടി റൂട്ടിൽ ഓടുന്ന എടത്തിൽ ബസിന്റെ കണ്ടക്ടറാണ് ഇയാൾ. കഴിഞ്ഞ മാസം ജൂൺ 10നായിരുന്നു കേസിനാസ്പദമായ സംഭവം.
ഓടിക്കൊണ്ടിരുന്ന ബസിൽ വെച്ചായിരുന്നു യാത്രക്കാരിയായ യുവതിക്കെതിരെ ലൈംഗികാതിക്രമം നടന്നത്. സംഭവത്തെ തുടർന്ന് യുവതി ബഹളം വെച്ചതോടെ പ്രതി ബസിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. പരാതിയെ തുടർന്ന് അന്വേഷണം നടത്തിയെങ്കിലും പ്രതി ഒളിവിലായിരുന്നു.
കോയമ്പത്തൂരും കോഴിക്കോട് ജില്ലയിലെ വിവിധ ഇടങ്ങളിലാണ് പ്രതി ഒളിവിൽ കഴിഞ്ഞിരുന്നത്. ഇയാൾ സ്വന്തം വീട്ടിലേക്ക് വരുന്നുവെന്ന വിവരത്തെ തുടർന്ന് പേരാമ്പ്ര പോലീസ് സംഘം പ്രദേശത്ത് പരിശോധന നടത്തുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.