National

അഴിമതി കേസ്; തമിഴ്നാട് വൈദ്യുതി മന്ത്രി സെന്തിൽ ബാലാജി രാജിവെച്ചു

തമിഴ്നാട് എം കെ സ്റ്റാലിൻ മന്ത്രിസഭയിൽ വീണ്ടും അഴിച്ചുപണി. വൈദ്യുതി മന്ത്രി സെന്തിൽ ബാലാജിയും കെ പൊൻമുടിയും പുറത്ത്. അഴിമതിക്കേസിൽ സുപ്രീം കോടതിയിൽ നിന്ന് തിരിച്ചടി നേരിട്ടതോടെയാണ് സെന്തിൽ ബാലാജിയുടെ രാജി. ലൈംഗീക തൊഴിലാളികളെയും ഹൈന്ദവ ദൈവങ്ങളെയും അപമാനിച്ച കേസിൽ ഹൈക്കോടതി കേസെടുത്തതാണ് കെ പൊൻമുടിയ്ക്ക് തിരിച്ചടിയായത്. പദ്മനാഭപുരം എംഎൽഎ മനോ തങ്കരാജ്‌ വീണ്ടും മന്ത്രി ആകും. സ്റ്റാലിൻ മന്ത്രിസഭയിൽ അഴിച്ചുപണി നടത്തുന്നത് ഇത് ആറാം തവണയാണ്.

മന്ത്രിസ്ഥാനം രാജിവച്ചില്ലെങ്കിൽ അഴിമതിക്കേസിലെ ജാമ്യം റദ്ദാക്കുമെന്ന് സുപ്രീം കോടതി മുന്നറിയിപ്പ് നൽകിയതോടെയാണ് തമിഴ്നാട് രാഷ്ട്രീയത്തിലെ കരുത്തനായ സെന്തിൽ ബാലാജിയുടെ മന്ത്രിപദവി തുലാസിലായത്. നേരത്തെ അഴിമതിക്കേസില്‍ ജയിലിലായിരുന്ന സെന്തില്‍ ബാലാജിക്ക് മന്ത്രിസ്ഥാനം രാജിവെച്ചതിനു പിന്നാലെയാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. 2013-ല്‍ എഐഎഡിഎംകെ നേതാവായിരുന്നപ്പോഴത്തെ കളളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഒരുവര്‍ഷത്തോളം സെന്തില്‍ ജയിലിലായിരുന്നു. ഡിഎംകെയില്‍ ചേര്‍ന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ വിശ്വസ്തനായ മന്ത്രിയായിരിക്കുമ്പോഴായിരുന്നു അറസ്റ്റും ജയില്‍വാസവും.

ജയിലിലായി ആറ് മാസത്തിനുശേഷമാണ് സെന്തില്‍ ബാലാജി മന്ത്രിസ്ഥാനം രാജിവെച്ചത്. തുടര്‍ന്ന് താന്‍ മന്ത്രിയല്ലെന്നും സാക്ഷികളെ സ്വാധീനിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടി ജാമ്യം നേടുകയായിരുന്നു. ജയിലില്‍ നിന്ന് ഇറങ്ങിയതും സെന്തില്‍ ബാലാജി വീണ്ടും മന്ത്രിയായി. ഇത് ചോദ്യംചെയ്തുളള ഹര്‍ജികളിലാണ് കഴിഞ്ഞ ദിവസം സുപ്രീംകോടതി രൂക്ഷവിമര്‍ശനമുന്നയിച്ചത്.

Related Articles

Back to top button
error: Content is protected !!