ബിജെപിക്ക് മറുപണി; മുൻ എംഎൽഎ അനിൽ ഝാ ആംആദ്മിയിൽ ചേർന്നു
ന്യൂഡൽഹി: മുൻ ബി ജെ പി എം എൽ എ അനിൽ ഝാ ആംആദ്മിയിൽ ചേർന്നു. ആം ആദ്മി വിട്ട കൈലാഷ് ഗെഹ്ലോട്ട് ബി ജെ പിയിൽ ചേർന്നേക്കുമെന്ന വാർത്തകൾക്കിടെയാണ് ആം ആദ്മിയുടെ അപ്രതീക്ഷിത നീക്കം. എ എ പി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാളിന്റെ സാന്നിധ്യത്തിലാണ് അനിലിന്റെ പാർട്ടി പ്രവേശം. താഴെ തട്ടിലുള്ള ദളിത് വിഭാഗങ്ങൾക്ക് വേണ്ടി കെജ്രിവാൾ നടത്തിയ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായാണ് താൻ ആം ആദ്മിയിൽ ചേർന്നതെന്ന് അനിൽ ഝാ പറഞ്ഞു.
വടക്ക് പടിഞ്ഞാറൻ ഡൽഹിയിലെ കിരാരി മണ്ഡലത്തിൽ നിന്നും രണ്ട് തവണ എംഎൽഎയായിരുന്നു അനിൽ. പൂർവാഞ്ചൽ മേഖലയിൽ വികസനം കൊണ്ടുവരാൻ പ്രവർത്തിച്ച ഒരേയൊരു നേതാവാണ് കെജ്രിവാൾ എന്ന് അദ്ദേഹത്തെ പുകഴ്ത്തി അനിൽ ഝാ പറഞ്ഞു. ‘അടിസ്ഥാന സൗകര്യ വികസനങ്ങളിൽ ഏറെ പിന്നിലായിരുന്നു പൂർവാഞ്ചൽ മേഖല. കുടിവെള്ളം പോലും ലഭിച്ചിരുന്നില്ല. എന്നാൽ കെജ്രിവാൾ അധികാരത്തിലേറി പത്ത് വർഷത്തിനുള്ളിൽ എല്ലാ വീടികളിലും കുടിവെള്ളം എത്തി’, ഝാ പറഞ്ഞു.
അതേസമയം പൂർവാഞ്ചലിൽ മാറ്റങ്ങൾ കൊണ്ടുവന്നത് തങ്ങളാണെന്ന് കെജ്രിവാളും പ്രതികരിച്ചു. ‘പൂർവാഞ്ചലിൽ നിന്നുള്ള ശക്തനായ നേതാവാണ് അനിൽ ഝാ. യുപിയിൽ നിന്നും ബിഹാറിൽ നിന്നുമുള്ള ആളുകൾ വിദ്യാഭ്യാസത്തിനും ജോലിക്കുമായി ഡൽഹിയിലേക്ക് വരാറുണ്ട്. വർഷങ്ങളോളം ബിജെപിയും കോൺഗ്രസും അവരുടെ ആവശ്യങ്ങൾ അവഗണിച്ചു. എ്നനാൽ ഞാൻ മുഖ്യമന്ത്രിയായപ്പോൾ മേഖലയിൽ വികസനം നടപ്പാക്കി. കോളനികളിലെ ആളുകളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തി’, കെജ്രിവാൾ പറഞ്ഞു.
കോൺഗ്രസിന്റെ ശക്തികേന്ദ്രമായിരുന്നു മുൻപ് പൂർവാഞ്ചൽ മേഖല. എന്നാൽ 2015 ൽ ആം ആദ്മിക്കൊപ്പം മേഖല നിലയുറച്ചു. അന്ന് 13 സീറ്റുകളാണ് ആം ആദ്മിക്ക് ഇവിടെ നിന്ന് ലഭിച്ചത്.അനിൽ ഝാ എത്തിയതോടെ പൂർവാഞ്ചൽ മേഖലയിൽ കൂടുതൽ നേട്ടം കൊയ്യാൻ സാധിക്കുമെന്ന വിലയിരുത്തലിലാണ് ആം ആദ്മി.
അതിനിടെ ആം ആദ്മി വിട്ട കൈലേഷ് ഗെഹ്ലോട്ട് ഉടൻ ബി ജെ പിയിൽ ചേർന്നേക്കുമെന്നാണ് സൂചന. മുതിർന്ന നേതാവും ഗതാഗത മന്ത്രിയുമായ കൈലാഷ് അരവിന്ദ് കെജ്രിവാളിനും പാർട്ടിക്കുമെതിരെ കടുത്ത വിമർശനം ഉന്നയിച്ചാണ് പാർട്ടി വിട്ടത്. പാലിക്കപ്പെടാത്ത വാഗ്ദാനങ്ങളും അടുത്തിടെയുണ്ടായ വിവാദങ്ങളുമാണ് രാജിക്ക് കാരണമെന്ന് കെജ്രവാളിനും മുഖ്യമന്ത്രി അതിഷിക്കും അയച്ച കത്തിൽ കൈലേഷ് ചൂണ്ടിക്കാട്ടിയത്.