എങ്കില്‍ പിന്നെ ആ ഏരിയ തന്നെ വേണ്ട; വിഭാഗിയത രൂക്ഷമായ കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി പിരിച്ചുവിട്ട് സി പി എം
ഏഴംഗ അഡ്ഹോക്ക് കമ്മിറ്റിയെ നിയമിച്ചു
വിഭാഗീയത രൂക്ഷമായ ഏരിയ കമ്മിറ്റിയെ പിരിച്ചുവിട്ട് സി പി എം സംസ്ഥാന നേതൃത്വത്തിന്റെ ശക്തമായ തീരുമാനം. കടുത്ത വിഭാഗീയതയിലേക്കും സംസ്ഥാന നേതൃത്വത്തിനെതിരായ രൂക്ഷ വിമര്‍ശനത്തിലേക്കും നയിച്ച കരുനാഗപ്പള്ളി പാര്‍ട്ടി ഏരിയ കമ്മിറ്റിയാണ് പിരിച്ചുവിട്ടത്.
ദൃശ്യ മാധ്യമങ്ങളിലടക്കം വിഭാഗിയത വ്യക്തമാക്കുന്ന സംഭവവികാസങ്ങളും ഏറ്റുമുട്ടലും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം. വിഭാഗീയത തെരുവിലേക്കും പരസ്യ പ്രതിഷേധത്തിലേക്കും നീങ്ങിയതിന് പിന്നാലെയാണ് കരുനാഗപ്പള്ളിയില്‍ നടപടി. പിന്നാലെ ഏഴംഗ അഡ്ഹോക്ക് കമ്മിറ്റിയെ ചുമതലപ്പെടുത്തി.
സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ സാന്നിധ്യത്തില്‍ വിളിച്ചു ചേര്‍ത്ത സിപിഎം കൊല്ലം ജില്ലാ സെക്രട്ടറിയേറ്റിലും ഭിന്നാഭിപ്രായങ്ങളുമായി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ഏരിയാ കമ്മിറ്റി പിരിച്ചുവിടുന്ന തീരുമാനത്തിലെത്തുകയായിരുന്നു. ലോക്കല്‍ കമ്മിറ്റികളില്‍ പ്രശ്രനങ്ങള്‍ ഉണ്ടായെന്നും തെറ്റായ ഒരു പ്രവണതയും അംഗീകരിക്കാന്‍ കഴിയില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.