Gulf

ദുബൈ മെട്രോ: ഓടിക്കയറുന്നവരും ക്യാബിന്‍ മാറിക്കയറുന്നവരും പിഴ നല്‍കേണ്ടി വരും; പിഴ 100 ദിര്‍ഹം മുതല്‍ 2,000 ദിര്‍ഹംവരെ

ദുബൈ: സുരക്ഷാ സംവിധാനം ശക്തമാക്കുന്നതിന്റെ ഭാഗമായി മെട്രോയില്‍ ട്രെയിന്‍ പോകാന്‍ ഒരുങ്ങവേ ഓടിക്കയറുന്നവര്‍ക്കും ഒപ്പം ക്യാബിന്‍ മാറിക്കയറുന്നവര്‍ക്കും കുട്ടികളെ അശ്രദ്ധമായി കൈകാര്യം ചെയ്യുന്നവര്‍ക്കും പിഴ ഈടാക്കാന്‍ ആര്‍ടിഎ. യാത്രക്കാരുടെ സുരക്ഷയും സൗകര്യവും പരിഗണിച്ച് ഇവ ഉള്‍പ്പെടെ ശക്തമായ പെരുമാറ്റച്ചട്ടങ്ങളാണ് ദുബൈ മെട്രോ നടപ്പാക്കാന്‍ ഒരുങ്ങുന്നത്. 100 ദിര്‍ഹം മുതല്‍ 2,000 ദിര്‍ഹംവരെയാണ് കുറ്റങ്ങളുടെ ഗൗരവത്തിന് അനുസരിച്ച് പിഴ ചുമത്തുക.

ക്യൂ ലംഘിച്ച് നീങ്ങുക, മറ്റ് യാത്രക്കാരെ പരിഗണിക്കാത്ത രീതിയില്‍ പ്രവര്‍ത്തിക്കുക, ട്രെയിനിന്റെ വാതിലുകളില്‍ നില്‍ക്കുക തുടങ്ങിയവയും പിഴ ലഭിക്കാവുന്ന കുറ്റങ്ങളാണ്. ചില പ്രധാന കുറ്റകൃത്യങ്ങളുടെയും അവയുമായി ബന്ധപ്പെട്ട ശിക്ഷകളുടെയും വിശദാംശങ്ങള്‍ അറിയാം. മറ്റ് യാത്രക്കാര്‍ക്ക് ഏതെങ്കിലും രീതിയില്‍ ശല്യമാവുകയോ, അസൗകര്യം ഉണ്ടാക്കുകയോ ചെയ്യുക, ഭിന്നശേഷിക്കാരുള്‍പ്പെടെയുള്ള റിസര്‍വ് സീറ്റുകളില്‍ യാത്രചെയ്യുക,
നിരോധിത മേഖലകളില്‍ ഭക്ഷണം കഴിക്കുകയോ, പാനീയങ്ങള്‍ കുടിക്കുകയോ ചെയ്യുക തുടങ്ങിയ ചെറിയ കുറ്റങ്ങള്‍ക്ക് 100 ദിര്‍ഹമാണ് പിഴ.

മുന്നറിയിപ്പ് അടയാളങ്ങളുള്ള നോ അഡ്മിഷന്‍ മേഖലകളില്‍ പ്രവേശിക്കുക. യാത്രക്കാര്‍ക്കുള്ളതല്ലാത്ത ഇടങ്ങളില്‍ നില്‍ക്കുകയോ ഇരിക്കുകയോ ചെയ്യുക, കാഴ്ച വൈകല്യമുള്ളവര്‍ക്കുള്ള വഴികാട്ടി നായ്ക്കള്‍ ഒഴികെ വളര്‍ത്തുമൃഗങ്ങളെ പൊതുഗതാഗതത്തിലേക്ക് കൊണ്ടുവരിക, ഇരിപ്പിടങ്ങളില്‍ കാലുകള്‍ കയറ്റിവയ്ക്കുക, അവ കേടുവരുത്തുകയോ വൃത്തികേടാക്കുകകയോ ചെയ്യുക, ലിഫ്റ്റും എസ്‌കലേറ്ററും ദുരുപയോഗം ചെയ്യുക.
മെട്രോയിലേക്ക് ഓടിക്കയറുകയോ ചാടിക്കയറുകയോ ചെയ്യുക, ട്രെയിന്‍ നീങ്ങുമ്പോള്‍ വാതിലുകള്‍ തുറക്കുകയോ മെട്രോയിലേക്ക് കയറാനോ, ഇറങ്ങാനോ ശ്രമിക്കുക, മറ്റുള്ളവര്‍ക്ക് അസൗകര്യമുണ്ടാക്കുന്നതോ സുരക്ഷാ അപകടമുണ്ടാക്കുന്നതോ ആയ സാധനങ്ങള്‍ കൊണ്ടുപോകുക തുടങ്ങിയവയും 100 ദിര്‍ഹം പിഴ ചുമത്തുന്ന കുറ്റങ്ങളാണ്.

അതീവ ഗുരുതരമല്ലാത്ത കുറ്റങ്ങള്‍ക്ക് 200ഉം 300 ദിര്‍ഹവും ഗുരുതരമായ കുറ്റകൃത്യങ്ങള്‍ക്ക് 1000 ദിര്‍ഹവുമാണ് പിഴ. ആയുധങ്ങള്‍, മൂര്‍ച്ചയുള്ള ഉപകരണങ്ങള്‍, തീപിടിക്കുന്ന വസ്തുക്കള്‍ തുടങ്ങി അപകടകരമായ വസ്തുക്കള്‍ കൈവശം വയ്ക്കല്‍, നിരോധിത മേഖലകളില്‍ പ്രവേശിക്കല്‍ തുങ്ങിയവയാണ് 1,000 ദിര്‍ഹം പിഴ ചുമത്തുന്ന കുറ്റങ്ങളില്‍ ഉള്‍പ്പെടുക.

അതീവ ഗുരുതരമായ കുറ്റകൃത്യങ്ങള്‍ക്ക് 2,000 ദിര്‍ഹം പിഴ നല്‍കേണ്ടിവരും. കാരണമില്ലാതെ എമര്‍ജന്‍സി ബട്ടണുകള്‍ അമര്‍ത്തുക, സുരക്ഷാ ഉപകരണങ്ങളോ, എമര്‍ജന്‍സി എക്സിറ്റുകള്‍ പോലെയുള്ള ഉപകരണങ്ങളോ അനാവശ്യമായി ഉപയോഗിക്കുക, തുപ്പല്‍, മാലിന്യം വലിച്ചെറിയല്‍ തുടങ്ങിയവയാണ് ഇതിന്റെ പരിധിയില്‍ വരുന്ന കുറ്റകൃത്യങ്ങള്‍.

Related Articles

Back to top button
error: Content is protected !!