തപാൽ വോട്ട് തിരുത്തിയെന്ന പരാമർശം; സിപിഐഎം നേതാവ് ജി സുധാകരൻ്റെ മൊഴിയെടുക്കും

ആലപ്പുഴ: തപാൽ വോട്ട് തിരുത്തിയെന്ന പരാമർശത്തിൽ സിപിഐഎം നേതാവ് ജി സുധാകരന്റെ മൊഴിയെടുക്കും. പുന്നപ്രയിലെ സുധാകരന്റെ വസതിയിൽ എത്തിയാകും അമ്പലപ്പുഴ തഹസിൽദാർ മൊഴിയെടുക്കുക. പ്രസംഗത്തിൽ കേസെടുക്കണമെന്ന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നിർദ്ദേശാനുസരണം ആണ് മൊഴിയെടുപ്പ്.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറാണ് പരാമർശം അന്വേഷിക്കാനും കേസെടുക്കാനും ആലപ്പുഴ ജില്ലാ കളക്ടർക്ക് നിർദേശം നൽകിയത്. സുധാകരന്റെ വെളിപ്പെടുത്തൽ അത്യന്തം ഗൗരവതരമാണെന്നും എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചിരുന്നു.
സിപിഐഎം സ്ഥാനാർത്ഥിക്കായി തപാൽ വോട്ട് പൊട്ടിച്ച് തിരുത്തിയെന്ന ഗുരുതര വെളിപ്പെടുത്തലാണ് സുധാകരൻ നടത്തിയത്. 36 വർഷം മുൻപ് ആലപ്പുഴയിൽ മത്സരിച്ച കെ വി ദേവദാസിനായി കൃത്രിമം നടത്തിയെന്നായിരുന്നു വെളിപ്പെടുത്തൽ. വെളിപ്പെടുത്തലിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ തനിക്കെതിരെ കേസെടുത്താലും കുഴപ്പമില്ലെന്നും ജി സുധാകരൻ പറഞ്ഞിരുന്നു. കേരള എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയിലായിരുന്നു സുധാകരന്റെ പ്രതികരണം.
ഇലക്ഷന് പോസ്റ്റൽ ബാലറ്റ് ചെയ്യുമ്പോൾ ഞങ്ങളത് പൊട്ടിക്കും എന്ന് സുധാകരൻ പറയുന്ന വീഡിയോ ഭാഗമാണ് പുറത്തുവന്നിരിക്കുന്നത്. 1989ൽ കെ വി ദേവദാസ് മത്സരിച്ചു. അന്ന് പോസ്റ്റൽ ബാലറ്റുകൾ പൊട്ടിച്ച് തിരുത്തി. ചില എൻജിഒ യൂണിയൻകാർ എതിർസ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യുന്നവരുണ്ട്. അന്ന് 15% സ്ഥാനാർത്ഥികളും വോട്ട് ചെയ്തത് എതിർസ്ഥാനാർത്ഥിക്കായിരുന്നു എന്നായിരുന്നു സുധാകരന്റെ ഏറ്റുപറച്ചിൽ.
‘തപാല്‍ വോട്ട് ചെയ്യുമ്പോള്‍ എന്‍ജിഒ യൂണിയന്‍കാര്‍ വേറെ ആളുകള്‍ക്ക് ചെയ്യരുത്. കെഎസ്ടിഎ നേതാവ് കെ വി ദേവദാസ് ആലപ്പുഴയില്‍ നിന്ന് പാര്‍ലമെന്റിലേക്ക് മത്സരിച്ചപ്പോള്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ പോസ്റ്റല്‍ ബാലറ്റുകള്‍ പൊട്ടിച്ച്, പരിശോധിച്ച് തിരുത്തി. 15 % പേരും വോട്ട് ചെയ്തത് എതിര്‍സ്ഥാനാര്‍ത്ഥിക്കായിരുന്നു. എന്റെ പേരില്‍ കേസ് എടുത്താലും കുഴപ്പമില്ല’, എന്നാണ് ജി സുധാകരന്‍ പറഞ്ഞത്.
വക്കം പുരുഷോത്തമനായിരുന്നു അന്ന് ദേവദാസിന്റെ എതിരാളി. യൂണിയനിലെ മിക്ക ആളുകൾക്കും ദേവദാസിനെ അറിയില്ലായിരുന്നു എന്നും അതുകൊണ്ടാണ് ഇങ്ങനെ ചെയ്യേണ്ടിവന്നതെന്നും സുധാകരൻ പറഞ്ഞിരുന്നു