Kerala

ഒടുവില്‍ പാര്‍ട്ടി കൈയൊഴിഞ്ഞു; ദിവ്യയെ തരം താഴ്ത്തി

ജില്ലാ കമ്മിറ്റിയിൽ രൂക്ഷ വിമർശനം

കണ്ണൂര്‍: എ ഡി എം നവീന്‍ ബാബുവിന്റെ മരണത്തിന് കാരണക്കാരിയായ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റും സി പി എം ജില്ലാ കമ്മിറ്റിഅംഗവുമായിരുന്ന പി പി ദിവ്യയെ ഒടുവില്‍ പാര്‍ട്ടി കൈയൊഴിഞ്ഞു. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലും കണ്ണൂരിലെ പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം ഉള്‍ക്കൊണ്ടും ദിവ്യക്കെതിരെ കടുത്ത നടപടിക്ക് സി പി എം നിര്‍ബന്ധിതരാകുകയായിരുന്നു.

പാര്‍ട്ടിയുടെ എല്ലാ പദവികളില്‍ നിന്നും ദിവ്യയെ നീക്കാനും ഇരിണാവ് കമ്മിറ്റി ബ്രാഞ്ചിലേക്ക് തരംതാഴ്ത്താനുമാണ് തീരുമാനം. കണ്ണൂര്‍ ജില്ലാ കമ്മിറ്റിയാണ് നിര്‍ണായക നടപടി സ്വീകരിച്ചത്.

സംസ്ഥാന കമ്മിറ്റിയുടെ ഇത് അംഗീകരിക്കുന്നതോടെ ദിവ്യ വെറും ബ്രാഞ്ച് അംഗം മാത്രമാകും. ഗുരുതര വീഴ്ചയാണ് ദിവ്യയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നതെന്നാണ് ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തല്‍.കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ദിവ്യയെ പ്രതിചേര്‍ത്തതിനു പിന്നാലെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് അവരെ നീക്കിയിരുന്നു. എന്നാല്‍ പാര്‍ട്ടി നടപടിയിലേക്ക് തത്കാലം പോകേണ്ടതില്ല എന്ന നിലപാടിലായിരുന്നു. ഇതില്‍ വലിയ സമ്മര്‍ദ്ദം സിപിഎം ജില്ലാ നേതൃത്വത്തിന് ഉണ്ടായതോടെയാണ് പാര്‍ട്ടി നടപടി ഉണ്ടായിരിക്കുന്നത്. കേസ് എടുത്തിരുന്നെങ്കിലും ദിവ്യയെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് സാധിച്ചിരുന്നില്ല. പാര്‍ട്ടിയുടെ സംരക്ഷണത്തിലായിരുന്നു ദിവ്യയുണ്ടായിരുന്നത്.

ദിവ്യയ്‌ക്കെതിരേ നടപടി വേണമെന്ന ആവശ്യവുമായി പത്തനംതിട്ട സിപിഎം ജില്ലാ നേതൃത്വവും രംഗത്തെത്തിയിരുന്നു.

ആത്മഹത്യ പ്രേരണാകുറ്റത്തില്‍ നിലവില്‍ ദിവ്യ അറസ്റ്റിലാണ്. കേസെടുത്ത് ഇരുപത് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ അവര്‍ക്കെതിരേ പാര്‍ട്ടി നടപടി ഉണ്ടായിരിക്കുന്നത്. അടിയന്തരമായി ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം .

Related Articles

Back to top button