വയനാട്ടിലെ പോളിംഗ് ശതമാനത്തിലെ കുറവ്; പരിശോധന നടത്താൻ എഐസിസി
വയനാട്ടിൽ പോളിംഗ് ശതമാനം കുറഞ്ഞത് പരിശോധിക്കാൻ എഐസിസി. പ്രിയങ്ക ഗാന്ധിയുടെ കന്നിമത്സരത്തിൽ മികച്ച പോളിംഗാണ് ദേശീയ നേതൃത്വം പ്രതീക്ഷിച്ചത്. പോളിംഗ് ശതമാനം കുറഞ്ഞത് ഭൂരിപക്ഷത്തെ ബാധിക്കില്ലെന്നാണ് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പ്രതികരിച്ചത്.
പരമാവധി വോട്ടുകൾ പോൾ ചെയ്‌തെന്നാണ് വിലയിരുത്തുന്നത്. മികച്ച പോളിംഗ് പ്രതീക്ഷിച്ചിരുന്നു. എന്നാൽ പോളിംഗ് ശതമാനം കുറഞ്ഞത് ഭൂരിപക്ഷത്തെ ബാധിക്കില്ല. പാർട്ടി സംവിധാനം മുഴുവൻ വയനാട്ടിലുണ്ടായിരുന്നു. രാഹുൽ ചെലവഴിച്ചതിനേക്കാൾ കൂടുതൽ സമയം വയനാട്ടിൽ പ്രിയങ്ക ഗാന്ധി പ്രചാരണം നടത്തിയിരന്നുവെന്നും കെസി വേണുഗോപാൽ പറഞ്ഞു
പ്രിയങ്കയുടെ ഭൂരിപക്ഷം രാഹുലിന്റെ ഭൂരിപക്ഷത്തെ മറികടന്നേക്കുമെന്ന പ്രതീക്ഷയാണ് ദേശീയ നേതൃത്വത്തിനുണ്ടായിരുന്നത്. എന്നാൽ പത്ത് ശതമാനത്തോളം പോളിംഗ് കുറഞ്ഞത് അപ്രതീക്ഷിതമായിട്ടാണ്. അതേസമയം പാർട്ടിയുടെയും മുന്നണിയുടെയും വോട്ടുകൾ പോൾ ചെയ്തിട്ടുണ്ടെന്ന സംസ്ഥാന ഘടകത്തിന്റെ റിപ്പോർട്ട് എഐസിസി തത്കാലം അംഗീകരിക്കുന്നുണ്ട്.