വിസ ലഭിക്കുന്നതിലെ കാലതാമസം; ഉയര്‍ന്ന ടിക്കറ്റ് നിരക്ക്: പലരും വിദേശങ്ങളിലെ അവധി ആഘോഷം റദ്ദാക്കുന്നു
ദുബൈ: ശൈത്യകാല അവധിയിലേക്ക് യുഎഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പ്രവേശിച്ചുകൊണ്ടിരിക്കേ പലരും തങ്ങളുടെ യാത്ര പദ്ധതികള്‍ റദ്ദാക്കുന്നു. പല വിദേശ രാജ്യങ്ങളിലേക്കും പോകാന്‍ വിസ ലഭിക്കുന്നതിന് അനുഭവപ്പെടുന്ന കാലതാമസവും വിമാന ടിക്കറ്റില്‍ ഉണ്ടായിരിക്കുന്ന ഭീമമായ വര്‍ധനവുമാണ് യാത്രാ പദ്ധതികള്‍ ക്യാന്‍സര്‍ ചെയ്യാനും റീ ഷെഡ്യൂള്‍ ചെയ്യാനും ആളുകളെ പ്രേരിപ്പിക്കുന്നത്.
പല നഗരങ്ങളിലേക്കും സാധാരണ ഈടാക്കുന്നതിന്റെ ഇരട്ടിയില്‍ അധികമാണ് ടിക്കറ്റിനായി ശൈത്യകാല അവധി
ദിനങ്ങളില്‍ നല്‍കേണ്ടത്. ഡിസംബറില്‍ ദുബൈയില്‍നിന്നും ആംസ്റ്റര്‍ഡാമിലേക്ക് വിമാനക്കമ്പനികള്‍ ഈടാക്കുന്നത് 2,344 ദിര്‍ഹമാണ്. എന്നാല്‍ ഇതേ റൂട്ടില്‍ മാര്‍ച്ചിലാണ് യാത്ര ചെയ്യുന്നതെങ്കില്‍ 1,600 ദിര്‍ഹം മതി. ഇറ്റലിയിലേക്ക് ഡിസംബറില്‍ 2,556 ദിര്‍ഹമാണെങ്കില്‍ മാര്‍ച്ചില്‍ ഇത് 1,524 ദിര്‍ഹമേയുള്ളൂ.
ചില രാജ്യങ്ങളിലേക്കുള്ള സന്ദര്‍ശന വിസകള്‍ ലഭിക്കാന്‍ നീണ്ട മാസങ്ങളുടെ കാത്തിരിപ്പാണ് വേണ്ടത്. വിദേശ യാത്രകള്‍ സ്വപ്‌നമായി മാറിയതോടെ പലരും രാജ്യത്തെ ആഢംബര ഹോട്ടലുകളില്‍ റൂം ബുക്ക് ചെയ്ത് ദുബൈയിലെയും മറ്റ് എമിറേറ്റുകളിലേയും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും ഉദ്യാനങ്ങളിലേക്കും നഗരക്കാഴ്ചകളിലേക്കുമെല്ലാം യാത്ര പദ്ധതി റീഷഡ്യൂള്‍ ചെയ്യുകയാണ്. പ്രത്യേകിച്ചും പ്രവാസികളാണ് കൂടുതലും ഇത്തരത്തില്‍ യാത്രാ പദ്ധതികളില്‍ മാറ്റംവരുത്തിയിരിക്കുന്നത്.