ഔറംഗസേബിന്റെ ശവകുടീരം നീക്കണമെന്ന ആവശ്യം: നാഗ്പൂരിൽ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം, നിരോധനാജ്ഞ

മഹാരാഷ്ട്ര സംഭാജി നഗറിലുള്ള മുഗൾ ചക്രവർത്തി ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംഘ്പരിവാർ സംഘടനകൾ നടത്തിയ പ്രതിഷേധ പ്രകടനത്തിന് പിന്നാലെ നാഗ്പൂരിൽ സംഘർഷം. നാഗ്പൂർ മഹൽ പ്രദേശത്ത് ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ 15 പോലീസുകാർ അടക്കം 20 പേർക്ക് പരുക്കേറ്റു
25 ബൈക്കുകളും മൂന്ന് കാറുകളും കലാപകാരികൾ കത്തിച്ചു. സംഭവത്തിൽ 17 പേരെ കസ്റ്റഡിയിലെടുത്തു. നഗരത്തിൽ സർക്കാർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രതിഷേധ പ്രകടനത്തിന് ശേഷം മഹൽ പ്രദേശത്ത് നടന്ന ആക്രമണത്തിന് പിന്നാലെ നാഗ്പൂരിലെ ഹൻസപുരിയിൽ രാത്രി 10.30ഓടെയും സംഘർഷം പൊട്ടിപ്പുറപ്പെട്ടു
അക്രമാസക്തരായ ജനക്കൂട്ടം നിരവധി വാഹനങ്ങൾ കത്തിക്കുകയും പ്രദേശത്തെ വീടുകളും ഒരു ക്ലിനിക്കും നശിപ്പിക്കുകയും ചെയ്തു. ജനങ്ങൾ സമാധാനം പാലിക്കണമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ആവശ്യപ്പെട്ടു. നിയമവാഴ്ച ഉറപ്പാക്കാൻ ശക്തമായ നടപടിയെടുക്കാൻ പോലീസിന് മുഖ്യമന്ത്രി നിർദേശം നൽകി.