തിരൂരില്‍ ഡെപ്യൂട്ടി തഹസില്‍ദാറെ കാണാനില്ല; പിന്നില്‍ മണ്ണ് മാഫിയയെന്ന് കുടുംബം
ഊര്‍ജിത അന്വേഷണവുമായി പോലീസ്
മലപ്പുറം: മണ്ണ് മാഫിയ സംഘത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ച തഹസില്‍ദാറെ കാണ്മാനില്ല. തിരൂരിലെ ഡെപ്യൂട്ടി തഹസില്‍ദാരെയാണ് ഒരു ദിവസമായി കാണാതായത്. മാങ്ങാട്ടിരി പൂകൈ സ്വദേശി ചാലിബ് പി.ബി (49)യെയാണ് ഇന്നലെ വൈകിട്ട് മുതല്‍ കാണാതായത്. വൈകിട്ട് ഓഫീസില്‍ നിന്നും ഇറങ്ങിയ ചാലിബ് പിന്നീട് തിരിച്ചെത്തിയില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്. മണ്ണ് മാഫിയകള്‍ക്ക് തിരോധാനത്തില്‍ പങ്കുണ്ടെന്നാണ് കുടുംബം ആരോപിക്കുന്നത്. ഇത്തരക്കാരില്‍ നിന്ന് ചാലിബിന് ഭീഷണിയുണ്ടായിരുന്നുവെന്നും ആരോപണമുണ്ട്.
സംഭവത്തില്‍ തിരൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്നലെ വൈകുന്നേരം 5.15ഓടെയാണ് ഇദ്ദേഹം ഓഫീസില്‍ നിന്നിറങ്ങുന്നത്. അപ്പോള്‍ വീട്ടില്‍ ബന്ധപ്പെട്ടിരുന്നു. വളാഞ്ചേരിയില്‍ ഒരു പരിശോധന നടത്താന്‍ പോകണമെന്നും വൈകുമെന്നും ഭാര്യയെ അറിയിച്ചു. രാത്രി എട്ട് മണിയായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്നാണ് അന്വേഷണം നടത്തിയത്.
12 മണിയോടെ കുടുംബം പൊലീസിനെ സമീപിച്ചു.കോഴിക്കോട് പാളയം ഭാഗത്താണ് ഇദ്ദേഹത്തിന്റെ ഏറ്റവും ഒടുവിലത്തെ ടവര്‍ ലൊക്കേഷന്‍ കാണിക്കുന്നത്. പിന്നീട് ഇന്ന് രാവിലെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫായി.