Movies

ആ സീന് ഈഗോ കാരണം വെട്ടിയത് മമ്മൂട്ടി; മോഹന്‍ലാലിന് അതിഷ്ടമായില്ല: വെളിപ്പെടുത്തലുമായി സംവിധായകന്‍

അതിന് ശേഷം മോഹൻലാൽ താനുമായി സഹകരിച്ചില്ല

1986ല്‍ സാജന്‍ സംവിധാനം ചെയ്ത മമ്മൂട്ടി – ഗീത എന്നിവര്‍ പ്രധാന വേഷത്തില്‍ ഗീതം എന്ന സിനിമയില്‍ മോഹന്‍ലാല്‍ അഭിനയിച്ച ചില ഭാഗങ്ങള്‍ മമ്മൂട്ടി ഇടപെട്ട് വെട്ടിയിരുന്നുവെന്നും അതിന്റെ കാരണം അദ്ദേഹത്തിന്റെ ഈഗോയായിരുന്നുവെന്നും വെളിപ്പെടുത്തല്‍. മോഹന്‍ലാലിന് കൈയ്യടി കിട്ടേണ്ടിയിരുന്ന രംഗമായിരുന്നു അതെന്നും അതാണ് മമ്മൂട്ടിയുടെ വാശി കാരണം വെട്ടേണ്ടി വന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ എന്ന് പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അന്നത്തെ ഹിറ്റ് ചിത്രമായിരുന്ന ഗീതത്തില്‍ ചെറിയ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തിയിരുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് തനിക്ക് ഒരുപാട് ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വന്നിരുന്നുവെന്നും അതിന് ശേഷം തനിക്ക് മോഹന്‍ലാല്‍ ഇതുവരെ ഡേറ്റ് അനുവദിച്ചിട്ടില്ലെന്നുമാണ് സംവിധായകന്‍ സാജന്‍ വെളിപ്പെടുത്തുന്നത്.

മോഹന്‍ലാലിന്റെ ഒരു ഡയലോഗിനെ ചൊല്ലി മമ്മൂട്ടി തടസ്സം ഉന്നയിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. മോഹന്‍ലാലിന്റെ കുട്ടിയെ മമ്മൂട്ടി എടുത്ത് വളര്‍ത്തുന്നതും പിന്നീട് മോഹന്‍ലാല്‍ എത്തി കുട്ടിയെ അമേരിക്കയിലേക്ക് തിരികെ കൊണ്ടുപോകാന്‍ ശ്രമിക്കുന്നതുമാണ് കഥ. ഗീത ഇരട്ട വേഷത്തിലെത്തിയ ചിത്രത്തില്‍ തിലകന്‍, ഇന്നസെന്റ്, മാള എന്നിവരായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങള്‍. തന്റെ മകനെ അമേരിക്കയിലേക്ക് കൊണ്ടുപോകണമെന്ന് മോഹന്‍ലാലിന്റെ കഥാപാത്രം പറയുമ്പോള്‍ ‘എന്ത് മകന്‍, നിനക്ക് എപ്പോഴുണ്ടായ മകന്‍’ എന്നൊക്കെ മമ്മൂട്ടി തിരികെ ചോദിക്കുന്ന നാടകീയ മുഹുര്‍ത്തുങ്ങളുണ്ട്. മമ്മൂട്ടിയുടെ ദേഷ്യം തണുപ്പിക്കുന്നതിനായി ഒരു കുപ്പി വിദേശ മദ്യം എടുത്ത് ടേബിളില്‍ വെച്ച് തണുപ്പിക്കാന്‍ നല്ലതാണ് ഇതെന്ന് പറഞ്ഞ് മോഹന്‍ലാല്‍ തിരിയും. ദേഷ്യം മൂത്ത് നില്‍ക്കുന്ന മമ്മൂട്ടി ആ കുപ്പി എറിഞ്ഞ് പൊട്ടിക്കും. അപ്പോള്‍ ലാല്‍ ചിരിച്ചുകൊണ്ട് ‘നോ നോ ഇറ്റ് ഈസ് ടൂ ബാഡ്’ എന്ന് പറയുന്നതാണ് രംഗമെന്നും സാജന്‍ വ്യക്തമാക്കുന്നു.

നാല്‍പ്പതോളം ഷോട്ടുകളുള്ള രംഗമാണ്. മോഹന്‍ലാല്‍ വരുന്നതിന് മുമ്പ് തന്നെ മമ്മൂട്ടിയെ പ്രധാനപ്പെട്ട രംഗങ്ങളും ക്ലോസപ്പുമൊക്കെ എടുത്തു. കുപ്പികൊണ്ട് വന്ന് വെക്കുന്നതും ‘നോ നോ ഇറ്റ് ഈസ് ടൂ ബാഡ്’ എന്ന് മോഹന്‍ലാല്‍ പറയുന്നത് മമ്മൂട്ടി ഇല്ലാത്ത സമയത്ത് തന്നെ എടുത്തിരുന്നു. പിന്നീട് അടുത്ത ഷോട്ടിനായി മമ്മൂട്ടി വന്ന് നോക്കുമ്പോള്‍ ടേബിളില്‍ കുപ്പി ഇരിക്കുന്നു. അതോടെ ഇതെന്താണെന്ന് അദ്ദേഹം ചോദിച്ചു. അപ്പോള്‍ ഞാന്‍ രംഗത്തെക്കുറിച്ച് വിശദമായി പറഞ്ഞു. ഞാന്‍ ഇത്രയും കഷ്ടപ്പെട്ട് അഭിനയിച്ചിട്ട് മോഹന്‍ലാല്‍ എന്റെ മുഖത്ത് നോക്കി ഇറ്റ് ഈസ് ടൂ ബാഡ് എന്ന് പറയുമെങ്കില്‍ ഞാന്‍ അഭിനയിച്ചതിനെല്ലാം എന്താണ് അര്‍ത്ഥമെന്നായിരുന്നു മമ്മൂട്ടി അപ്പോള്‍ പറഞ്ഞത്. അത് ബുദ്ധിമുട്ടാണ്, പറ്റില്ല, ഞാന്‍ ചെയ്യില്ല, കുപ്പി എറിഞ്ഞ് പൊട്ടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പിന്നെ ‘നോ നോ ഇറ്റ് ഈസ് ടൂ ബാഡ്’ എന്ന് മോഹന്‍ലാല്‍ പറയുന്ന രംഗങ്ങള്‍ ഒഴിവാക്കി ഷൂട്ടിങ് പൂര്‍ത്തീകരിച്ചു.

ഡബ്ബിങ് സമയത്ത് മോഹന്‍ലാല്‍ ആ സീനുകളെകുറിച്ച് ചോദിച്ചപ്പോള്‍ ഞാനൊന്ന് പരുങ്ങി. അത് വേണ്ടാ എന്ന് വെച്ചെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ‘മാറ്റിയല്ലേ, ഇറ്റ്‌സ് ഗുഡ്, ഓക്കെ, ഓക്ക’ എന്നായിരുന്നു എല്ലാം മനസ്സിലാക്കിയ രീതിയില്‍ അദ്ദേഹത്തിന്റെ മറുപടി. സീന്‍ മാറ്റിയതില്‍ എനിക്കും വലിയ വിഷമമുണ്ടായി. ഇനിയൊരു കൂടിച്ചേര്‍ച്ചയുണ്ടാകില്ലെന്ന എന്നെ വിഷമിക്കുന്ന വാക്ക് പറഞ്ഞിട്ടാണ് അദ്ദേഹം അന്ന് പോയത്. ഒരു വലിയ നടന്‍ എനിക്ക് നഷ്ടപ്പെട്ട കാര്യം ഞാന്‍ വലിയ വിഷമത്തോടെ പറയുകയാണ്. അവിടെ ഞാന്‍ നിരപരാധിയാണ്. ലാല്‍ മനോഹരമായിട്ടാണ് ആ രംഗത്ത് അഭിനയിച്ചത്. തിയേറ്ററില്‍ കയ്യടിച്ച് തകര്‍ക്കേണ്ട രംഗമായിരുന്നു. എന്റെ ദയനീയ അവസ്ഥകാരണം അത് ഒഴിവാക്കേണ്ടി വന്നു. എന്തായാലും ആ സിനിമയ്ക്ക് ശേഷം മോഹന്‍ലാല്‍ എനിക്ക് ഡേറ്റ് തന്നിട്ടില്ല. അദ്ദേഹം പറഞ്ഞു.

Related Articles

Back to top button