Kerala

കൊച്ചിയില്‍ കഞ്ചാവുമായി സംവിധായകരായ ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും അറസ്റ്റിൽ

കൊച്ചിയില്‍ കഞ്ചാവുമായി സിനിമാ സംവിധായകര്‍ പിടിയില്‍. ഖാലിദ് റഹ്‌മാന്‍, അഷ്‌റഫ് ഹംസ ഇവരുടെ സുഹൃത്ത് ഷാലിഫ് മുഹമ്മദ് എന്നിവരെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഛായാഗ്രഹകന്‍ സമീര്‍ താഹിറിന്റെ ഫ്‌ളാറ്റില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് ഇവരുടെ കൈവശമുണ്ടായിരുന്നത്. ഇന്നലെ രാത്രി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് സംഘം പരിശോധന നടത്തിയത്. വൈദ്യപരിശോധനയ്ക്കുശേഷം അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കുകയായിരുന്നു. സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് വലിയ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് മലയാള സിനിമാ മേഖലയിലെ പ്രമുഖ സംവിധായകര്‍ തന്നെ ലഹരിയുമായി അറസ്റ്റിലാവുന്നത്.

ആലപ്പുഴ ജിംഖാന, തല്ലുമാല, ഉണ്ട, അനുരാഗ കരിക്കിന്‍വെളളം തുടങ്ങിയ ഹിറ്റ് സിനിമകളുടെ സംവിധായകനാണ് ഖാലിദ് റഹ്‌മാന്‍. സുലൈഖ മന്‍സില്‍, ഭീമന്റെ വഴി, തമാശ എന്നിവയാണ് അഷ്‌റഫ് ഹംസ സംവിധാനം ചെയ്ത സിനിമകള്‍.

ഇവര്‍ പലതവണയായി സമീര്‍ താഹിറിന്റെ ഫ്‌ളാറ്റിലേക്ക് ലഹരി ഉപയോഗിക്കാനായി എത്തിയിരുന്നെന്നാണ് എക്‌സൈസ് സംഘം പറയുന്നത്. ഷാലിഫ് മുഹമ്മദാണ് സുഹൃത്തുക്കള്‍ വഴി കഞ്ചാവ് എത്തിച്ചതെന്നാണ് വിവരം. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ഫ്‌ളാറ്റില്‍ റെയ്ഡ് നടത്തി ഇവരെ പിടികൂടിയത്. 20 കിലോ കഞ്ചാവ് കൈവശമുണ്ടെങ്കില്‍ മാത്രമേ കൊമേര്‍ഷ്യല്‍ ക്വാണ്ടിറ്റിയായി കണക്കാക്കുകയുളളു. അതുകൊണ്ടുകൂടിയാണ് ഇവരെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടത്. വൈദ്യപരിശോധനാ ഫലം ലഭിച്ചതിനുശേഷം തുടര്‍നടപടികളിലേക്ക് കടക്കുമെന്നാണ് വിവരം. കഞ്ചാവ് നൽകിയവരെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും ഇടനിലക്കാരനെ കുറിച്ച് അന്വേഷണം നടക്കുകയാണെന്നും എക്സൈസ് സംഘം അറിയിച്ചു.

Related Articles

Back to top button
error: Content is protected !!