Kerala
ഫിറ്റ്‌നസില്ലാത്ത ബസ് ഉപയോഗിക്കരുത്; ശബരിമല സർവീസിൽ കെഎസ്ആർടിസിക്ക് ഹൈക്കോടതി മുന്നറിയിപ്പ്
ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് കെഎസ്ആർടിസിക്ക് മുന്നറിയിപ്പുമായി ഹൈക്കോടതി. ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ഒരു ബസ് പോലും ഉപയോഗിക്കരുത്. ഒരു തീർഥാടകനെ പോലും നിർത്തിക്കൊണ്ടു പോകരുത്. ഇവ ശ്രദ്ധയിൽപ്പെട്ടാൽ നടപടിയെടുക്കുമെന്ന് കോടതി മുന്നറിയിപ്പ് നൽകി.
അതേസമയം നാളെ വൈകിട്ട് അഞ്ച് മണിക്ക് നട തുറക്കുന്നതോടെ ഇത്തവണത്തെ ശബരിമല തീർഥാടന കാലത്തിന് തുടക്കമാകും. 70,000 പേർക്ക് വെർച്വൽ ക്യൂ വഴിയും 10,000 പേർക്ക് സ്‌പോട്ട് ബുക്കിംഗ് വഴിയും സന്നിധാനത്ത് പ്രവേശനം നൽകും.
ഓൺലൈൻ ബുക്ക് ചെയ്യാതെ എത്തുന്നവർ തിരിച്ചറിയൽ രേഖകളും ഫോട്ടോയും നൽകണം. എരുമേലി, പമ്പ, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിലാകും സ്‌പോട്ട് ബുക്കിംഗിനുള്ള സൗകര്യം. പമ്പയിൽ അഞ്ചും എരുമേലി, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിൽ മൂന്ന് വീതം കൗണ്ടറുകളുമുണ്ടാകും.