National

യുഎസില്‍ ജീവിക്കാന്‍ ആഗ്രഹിച്ച രത്തന്‍ ടാറ്റയെ ഇന്ത്യയിലേക്കെത്തിച്ച വനിത ആരെന്ന് അറിയാമോ?

മുംബൈ: അമേരിക്കയിലെ കോര്‍നെല്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദം നേടിയ ശേഷം ലോസ് ഏഞ്ചല്‍സിനെ തന്റെ തട്ടകമാക്കി അവിടെ സ്ഥിരതമാസമാക്കാനായിരുന്നു രത്തന്‍ ടാറ്റ ആഗ്രഹിച്ചത്. ചെറുപ്പം മുതല്‍ തനിക്ക് അമേരിക്ക ഇഷ്ടമായിരുന്നെന്ന് രത്തന്‍ ടാറ്റ ഒരു അഭിമുഖത്തില്‍ മുന്‍പ് പറഞ്ഞിട്ടുണ്ട്. യുഎസില്‍ ആര്‍ക്കിടെക്റ്റായും സ്ട്രക്ചറല്‍ എന്‍ജിനീയറായും രത്തന്‍ ജോലി ചെയ്തിരുന്ന ഒരു കാലവുമുണ്ടായിരുന്നു.

ടെലിഫോണ്‍ കോളുകള്‍പോലും സാധാരണമല്ലാതിരുന്ന കാലത്താണ് നവാജ്ബായി രോഗക്കിടക്കയിലേക്ക് വീഴുന്നത്. മുത്തശ്ശിക്ക് രത്തനെ വീണ്ടും കാണണമെന്നും തന്റെ കൂടെ ഉണ്ടാകണമെന്നും ആഗ്രഹിച്ചതായിരുന്നു അദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരിവായി മാറിയത്. തള്ളാന്‍ സാധിക്കാതിരുന്ന ആ വാക്കുകളായിരുന്നു യുഎസ് എന്ന സ്വപ്‌നദേശത്തുനിന്നും ഇന്ത്യയിലേയ്ക്കു തിരിച്ചെത്താന്‍ പ്രേരണയായത്.

എന്നും പുതുമയ്‌ക്കൊപ്പം നിന്ന മനുഷ്യനായിരുന്നു ടാറ്റയെ നാലു പതിറ്റാണ്ട് നയിച്ച രത്തന്‍ ടാറ്റ. എളിമയാലും വിനയത്താലും തന്റെ കാലത്തെ അത്ഭുതപ്പെടുത്തിയ ബിസിനസുകാരന്‍. എന്നും മനുഷ്യസ്‌നേഹത്തിന്റെ ആള്‍രൂപമായിരുന്നു അദ്ദേഹം. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ഹോസ്പിറ്റലില്‍ വച്ചായിരുന്നു ഉയര്‍ന്ന രക്തസമ്മര്‍ദം ഉള്‍പ്പെടെയുള്ള വാര്‍ധക്യസഹജമായ രോഗത്താല്‍ ഒക്ടോബര്‍ 9 ബുധനാഴ്ചയായിരുന്നു രത്തന്‍ ടാറ്റയുടെ അന്ത്യം. ടാറ്റ സാമ്രാജ്യത്തിലെ ഒരു നീണ്ട യുഗമാണ് ഇതോടെ അവസാനിച്ചത്. പക്ഷെ അദ്ദേഹം തുടക്കമിട്ട പദ്ധതികളിലൂടെയും പിന്തുടര്‍ന്ന ഉയര്‍ന്ന മൂല്യങ്ങളിലൂടെയും എന്നെന്നും അദ്ദേഹത്തിന്റെ പേര് അനുസ്മരിക്കപ്പെടുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല.

ടാറ്റ സാമ്രാജ്യത്തിന്റെ ലാഭത്തിന്റെ 65 ശതമാനത്തോളം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി മാറ്റിവച്ച വ്യക്തിയാണ് രത്തന്‍ നേവല്‍ ടാറ്റ. ടാറ്റയെന്ന ലോകത്തിലെ തന്നെ മികച്ച ബിസിനസ് സാമ്രാജ്യത്തില്‍ ഒന്നിനെ ഉയര്‍ച്ചയുടെ കൊടുമുടി കയറ്റിയാണ് അദ്ദേഹം വിടവാങ്ങിയത്. ടാറ്റയിലെ ഏറ്റവും കരുത്തുറ്റ സ്ത്രീ ശബ്ദമായിരുന്ന മുത്തശ്ശി നവാജ്ബായി ടാറ്റയായിരുന്നു രത്തന്‍ ടാറ്റയെ വളര്‍ത്തി വലുതാക്കി, ലോകം തിരിച്ചറിഞ്ഞ കഴിവുകളിലേക്ക് എത്തിച്ചത്.

രത്തന്‍ ടാറ്റയ്‌ക്കൊപ്പം അനിയന്‍ ജിമ്മി നേവല്‍ ടാറ്റയുടെയും പൂര്‍ണ്ണ ഉത്തരവാദിത്വം നവാജ്ബായിയുടെ കരങ്ങളിലായിരുന്നു. ടാറ്റ സാമ്രാജ്യത്തിലെ ഒരു പെണ്‍പുലിയെന്നാണ് നവാജ്ബായി അറിയപ്പെട്ടിരുന്നത്. രത്തന്‍ ടാറ്റയുടെ പ്രചോദനവും മറ്റാരുമായിരുന്നില്ല. മാതാപിതാക്കളായ നേവല്‍ ടാറ്റയും ഭാര്യ സൂനിയും വിവാഹമോചനം നേടിയതോടെയാണ് ഇവരുടെ കുട്ടികളായ രത്തന്റേയും ജിമ്മിയുടേയും ഉത്തരവാദിത്വം മുത്തശ്ശിയിലേക്കു എത്തുന്നത്. 41ാം വയസില്‍ വിധവയായെങ്കിലും അവര്‍ കരഞ്ഞുതളര്‍ന്ന് എവിടേയും ചടഞ്ഞിരിക്കാതെ ടാറ്റ സണ്‍സ് എസ്റ്റേറ്റ് സധൈര്യം ഏറ്റെടുത്തു മുന്നോട്ടു കൊണ്ടുപോയതും ടാറ്റ ഗ്രൂപ്പിന്റെ ചരിത്രത്തിലെ ഏറ്റവും തിളക്കമുള്ള ഏടുകളില്‍ ഒന്നാണ്.

തന്റെ വ്യക്തിത്വ രൂപീകരണത്തില്‍ മുത്തശ്ശിയുടെ പങ്ക് ഏറെ നിര്‍ണായകമായിരുന്നെന്ന് രത്തന്‍ ടാറ്റ പല അഭിമുഖങ്ങളിലും വികാരവായ്‌പ്പോടെ വ്യക്തമാക്കിയിട്ടുണ്ട്. അമ്മ സൂനിയുടെ പുനര്‍വിവാഹത്തിന് ശേഷം സ്‌കൂളില്‍ പോയിരുന്ന തങ്ങളെ സഹപാഠികളില്‍ ചിലര്‍ പരിഹാസ ശരങ്ങളുമായി എതിരേറ്റപ്പോള്‍ അവയില്‍ തളര്‍ന്നുപോകാതെ അസാധാരണമായ ക്ഷമയോടെ ജീവിക്കാന്‍ തങ്ങളെ പ്രാപ്തമാക്കിയത് ആ ശിക്ഷണമായിരുന്നൂവെന്നും അദ്ദേഹം അനുസ്മരിച്ചിരുന്നു. സ്‌നേഹവും കരുതലും ധാര്‍മ്മിക മൂല്യങ്ങളുമെല്ലാം ആ കുട്ടികളുടെ ജീവിതത്തില്‍ ആഴത്തില്‍ പതിഞ്ഞത് മുത്തശ്ശി എന്നതിലുപരി കര്‍മത്താല്‍ അമ്മതന്നെയായിരുന്ന നവാജ്ബായിയിലൂടെയായിരുന്നു.

Related Articles

Back to top button