ഡോക്ടറുടെ കൊലപാതകം: ഡോക്ടർമാരുടെ 24 മണിക്കൂർ രാജ്യവ്യാപക സമരം തുടങ്ങി, ഒപി അടക്കം ബഹിഷ്‌കരിക്കും
കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളേജിൽ പിജി വിദ്യാർഥിനിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തമാക്കി ഡോക്ടർമാർ. ഐഎംഎയുടെ 24 മണിക്കൂർ രാജ്യവ്യാപക സമരം ആരംഭിച്ചു. അടിയന്തര സേവനം ഒഴികെയുള്ള സേവനങ്ങൾ ബഹിഷ്‌കരിച്ചാണ് പ്രതിഷേധം. സംസ്ഥാനത്ത് മെഡിക്കൽ പിജി അസോസിയേഷന്റെ നേതൃത്വത്തിലും സമരം നടക്കുന്നുണ്ട്
സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ഡോക്ടർമാർ ഒപി ബഹിഷ്‌കരിക്കും. അതേസമയം വയനാട് ജില്ലയിലെ പ്രത്യേക കണക്കിലെടുത്ത് ജില്ലയെ സമരത്തിൽ നിന്ന് ഒഴിവാക്കി. വയനാട്ടിൽ ഡോക്ടർമാർ കറുത്ത ബാഡ്ജ് ധരിച്ച് ജോലി ചെയ്യും. തിരുവനന്തപുരം റീജ്യണൽ കാൻസർ സെന്ററിലെ ഡോക്ടർമാരും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്
അത്യാഹിത വിഭാഗങ്ങൾ പ്രവർത്തിക്കും. നാളെ രാവിലെ ആറ് മണി വരെയാണ് പണിമുടക്ക്. ഒപി, അടിയന്തരമല്ലാത്ത ശസ്ത്രക്രിയ അടക്കം മുടങ്ങും. രാവിലെ 9.30ന് മെഡിക്കൽ പിജി അസോസിയേഷന്റെ നേതൃത്വത്തിൽ ഉള്ളൂർ കവലയിലേക്ക് സംയുക്ത മാർച്ച് നടക്കും.