സ്ത്രീധന പീഡന പരാതി: ബിബിൻ സി ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

സ്ത്രീധന പീഡന പരാതിയിൽ മുൻകൂർ ജാമ്യം തേടി ആലപ്പുഴ ജില്ലാ പഞ്ചായത്തംഗം ബിപിൻ സി ബാബു നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സിപിഎം വിട്ട് ബിജെപിയിൽ ചേർന്നതിന് പിന്നാലെ ഭാര്യ നൽകിയ പരാതിയിൽ ആലപ്പുഴ കരീലക്കുളങ്ങര പോലീസ് കേസെടുത്തിരുന്നു. ഇതിലാണ് ബിപിൻ സി ബാബു മുൻകൂർ ജാമ്യം തേടിയത്.
പരാതി രാഷ്ട്രീയ പ്രേരിതമാണ് എന്നാണ് ഹർജിയിലെ പ്രധാന വാദം. ഭാര്യ നൽകിയ പരാതി വാസ്തവ വിരുദ്ധമാണ്. പാർട്ടി വിട്ടതിന്റെ പകപോക്കലിന്റെ ഭാഗമാണ് പരാതിയെന്നും ഹർജിയിലുണ്ട്. ബിബിന്റെ അമ്മയും കായംകുളം ഏരിയ കമ്മിറ്റി അംഗവുമായ പ്രസന്ന കുമാരി കേസിലെ രണ്ടാം പ്രതിയാണ്.
വിവാഹത്തിന് ബിബിൻ സി ബാബു പത്തുലക്ഷം രൂപ സ്ത്രീധനം വാങ്ങി, കൂടുതൽ സ്ത്രീധനം ചോദിച്ച് ശാരീരികമായി ഉപദ്രവിച്ചുവെന്നുമുൾപ്പെടെ ഗുരുതര ആരോപണങ്ങളാണ് ഭാര്യ കഴിഞ്ഞ ദിവസം സമർപ്പിച്ച പരാതിയിൽ ആരോപിച്ചിരുന്നത്. പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതിന് മർദിച്ചു, ഇസ്തിരിപ്പെട്ടി കൊണ്ട് അടിക്കാൻ ശ്രമിച്ചു, മുഖത്തടിച്ചു തുടങ്ങിയ ആരോപണങ്ങളും ഭാര്യ ഉന്നയിച്ചിട്ടുണ്ട്.