ഡോ. മൻമോഹൻ സിംഗിന് വിട നൽകി രാജ്യം; അന്ത്യകർമ ചടങ്ങുകൾക്ക് തുടക്കം, പ്രധാനമന്ത്രി പങ്കെടുക്കുന്നു
മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന് വിട ചൊല്ലി രാജ്യം. യമുന തീരത്തെ നിഗംബോധ് ഘട്ടിൽ അന്ത്യ കർമ ചടങ്ങുകൾ ആരംഭിച്ചു. രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്രമന്ത്രിമാർ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് നേതാക്കൾ തുടങ്ങിയവരൊക്കെ അന്ത്യ കർമ ചടങ്ങുകളിൽ പങ്കെടുക്കുന്നുണ്ട്
രാവിലെ എട്ട് മണിയോടെ മൻമോഹൻ സിംഗിന്റെ ഭൗതിക ശരീരം കോൺഗ്രസ് ആസ്ഥാനത്തേക്ക് എത്തിച്ചിരുന്നു. തുടർന്ന് ഇവിടെ നടന്ന പൊതുദർശനത്തിൽ നേതാക്കളും പ്രവർത്തകരും ഉൾപ്പെടെ നൂറുകണക്കിനാളുകളാണ് അന്തിമോപചാരം അർപ്പിക്കാനായി എത്തിയത്. പൊതുദർശനത്തിന് ശേഷം നിഗം ബോധ് ഘട്ടിലേക്ക് സംസ്‌കാരത്തിനായി വിലാപയാത്രയായി പുറപ്പെട്ടു
പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് അദ്ദേഹത്തിന്റെ സംസ്‌കാരം നടക്കുക. രാജ്യത്ത് ഒരാഴ്ചത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തും ഒരാഴ്ച ദുഃഖാചരണമായിരിക്കും. സർക്കാരിന്റെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കി.