സ്വപ്‌ന പദ്ധതി മിഴി തുറന്നു; വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മുഖ്യമന്ത്രിയുടെയും ഗവർണറുടെയും കേന്ദ്ര, സംസ്ഥാന മന്ത്രിമാരുടെയും ഗൗതം അദാനിയുടെയും സാന്നിധ്യത്തിലാണ് തുറമുഖം കമ്മീഷൻ ചെയ്തത്. പോർട്ട് ഓപറേഷൻ സെന്റർ നടന്നു കണ്ട ശേഷമാണ് പ്രധാനമന്ത്രി ഉദ്ഘാടന വേദിയിൽ എത്തിയത്
മന്ത്രി വിഎൻ വാസവൻ ചടങ്ങിൽ സ്വാഗതം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷത വഹിച്ചു. പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ചാണ് മുഖ്യമന്ത്രി പ്രസംഗം ആരംഭിച്ചത്. നാടിന്റെ ഒരുമയും ജനങ്ങളുടെ ഐക്യവുമാണ് ഇത്തരം പദ്ധതികൾ നടപ്പാക്കാൻ കരുത്തേകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു
ഇതുവരെ 75 ശതമാനത്തിലധികം ട്രാൻഷിപ്പ്‌മെന്റ് രാജ്യത്തിന് പുറത്തുള്ള തുറമുഖങ്ങളിലാണ് നടന്നിരുന്നത്. ഇതിലൂടെ രാജ്യത്തിന് വലിയ സാമ്പത്തിക നഷ്ടമുണ്ടായിരുന്നു. ഇതിന് മാറ്റം വരികയാണ്. പുറത്തേക്ക് ഒഴുകിയിരുന്ന പണം കേരളത്തിനും രാജ്യത്തിനും ജനങ്ങൾക്കും സാമ്പത്തിക സുസ്ഥിരത കെട്ടിപ്പടുക്കുന്നതിന് സഹായകമാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.