സ്‌കൂള്‍ ബസ് മറിഞ്ഞത് ഡ്രൈവറുടെ അശ്രദ്ധ കാരണം; ഡ്രൈവിംഗിനിടെ വാട്‌സ്ആപ്പില്‍ സ്റ്റാറ്റസിട്ടു
അപകടം നടന്ന സമയത്ത് തന്നെ സ്റ്റാറ്റസ് ഇട്ടു
ശ്രീകണ്ഠാപുരത്ത് ചിന്മയ സ്‌കൂളില്‍ നിന്ന് വിദ്യാര്‍ഥികളെയും കയറ്റി വീടുകളിലേക്ക് പുറപ്പെട്ട ബസ് മറിഞ്ഞ സംഭവത്തില്‍ ഡ്രൈവറുടെ ഗുരുതരമായ വീഴ്ച വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്ത്.
ഡ്രൈവിംഗ് സമയത്ത് ഡ്രൈവറായ നിസാം വാട്‌സ്ആപ്പില്‍ സ്റ്റാറ്റസ് ഇട്ടിരുന്നുവെന്നും ഇത് വ്യക്തമാക്കുന്ന തെളിവുകള്‍ സ്റ്റാറ്റസ് ഇട്ട സമയം സഹിതം പുറത്തുവന്നിട്ടുണ്ടെന്നും അപകടത്തില്‍പ്പെട്ട കുട്ടികളുടെ രക്ഷിതാക്കളും അധ്യാപകരും വ്യക്തമാക്കുന്നു. ബസില്‍ നിന്ന് തെറിച്ച് വീണ് ബസിന് അടിയില്‍പ്പെട്ട് വിദ്യാര്‍ഥിനി മരിക്കാനുണ്ടായ സാഹചര്യം ഡ്രൈവറുടെ അശ്രദ്ധക്കൊണ്ടാണെന്ന് വ്യക്തമാക്കുന്നതാണ് ഈ തെളിവുകള്‍.
സ്‌കൂളില്‍ കുട്ടികള്‍ ഇരിക്കുന്ന ദൃശ്യമാണ് നിസാം സ്റ്റാറ്റസ് ഇട്ടത്. അതിലെ സമയം കാണിക്കുന്നത് വൈകുന്നേരം 4.03 ആണ്. അതേ സമയത്താണ് അപകടവും നടന്നത്. അതുകൊണ്ടുതന്നെ അപകടം നടക്കുമ്പോള്‍ ഇയാള്‍ വാട്സാപ്പ് ഉപയോഗിച്ചിരുന്നു എന്ന സംശയമാണ് ഉയരുന്നത്
അമിത വേഗതയിലെല്ലായിരുന്ന ചെറിയ റോഡിലൂടെയുള്ള യാത്രക്കിടെ ബസ് താഴ്ചയിലേക്ക് മറിയണമെങ്കില്‍ ഡ്രൈവര്‍ ഉറങ്ങിപോകുകയോ മൊബൈല്‍ ഉപയോഗിക്കുകയോ വേണമെന്ന് നാട്ടുകാര്‍ വ്യക്തമാക്കിയിരുന്നു.
ഡ്രൈവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കണമെന്ന ആവശ്യമാണ് നാട്ടുകാര്‍ ഉയര്‍ത്തുന്നത്. സംഭവത്തില്‍ കേസ് എടുത്ത് അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി. സര്‍ക്കാറും വിഷയത്തില്‍ ശക്തമായ ഇടപെടലാണ് നടത്തുന്നത്.