മുക്കാല്‍ മണിക്കൂറില്‍ ദന്ത ഡോക്ടര്‍ വീട്ടിലെത്തുന്ന പദ്ധതിയുമായി ദുബൈ

ദുബൈ: ആവശ്യപ്പെട്ടാല്‍ മൂക്കാല്‍ മണിക്കൂറിനകം ദന്ത ഡോക്ടര്‍ രോഗിയുടെ വീട്ടില്‍ എത്തുന്ന പദ്ധതി ആവിഷ്‌കരിച്ച് ദുബൈ. പാര്‍സല്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് കാത്തിരിക്കുന്നത് പോലെയോ, ബ്യൂട്ടി പാര്‍ലറില്‍നിന്നുള്ളവര്‍ കല്ല്യാണം ഉള്‍പ്പെടെയുള്ളവക്ക് എത്തുന്നത് പോലെയോ ഇനി ദന്ത ഡോക്ടറും സംഘവും വിളിപ്പുറത്തെത്തും. വന്നാല്‍ മിനുട്ടുകള്‍ക്കകം വീട് താല്‍ക്കാലികമായി ക്ലിനിക്കായി രൂപാന്തരപ്പെടുകയും ചെയ്യും.
ഡോക്ടറുടെയും സംഘത്തിന്റെയും വരവ് നിരീക്ഷിക്കാന്‍ ട്രാക്കിങ് സംവിധാനവും ഉണ്ടാവും. ലൈസന്‍സുള്ള വിദഗ്ധ ഡോക്ടര്‍മാരുടെ പൂളില്‍നിന്നാണ് രാവിലെ എട്ടു മുതല്‍ അര്‍ധരാത്രിവരെ ദുബൈ നിവാസികള്‍ക്കായി സേവനം ഉറപ്പാക്കുന്നത്. വീട്ടില്‍നിന്നും പുറത്തുപോകാതെ തങ്ങള്‍ക്ക് സൗകര്യപ്പെടുന്ന നേരത്തേക്ക് ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കാന്‍ സാധിക്കുമെന്നതാണ് ഇതിന്റെ മേന്മ. ഫസ്റ്റ് റെസ്‌പോണ്‍സ് ഹെല്‍ത്ത്‌കെയറാണ് ഇത്തരം ഒരു സംവിധാനം ഒരുക്കുന്നത്. ഡോക്ടറുടെ സേവനം ആവശ്യപ്പെട്ടാല്‍ ദുബൈയില്‍ എവിടെയാണെങ്കിലും 30 മുതല്‍ 45 മിനുട്ടിനകം ലഭ്യമാക്കുമെന്ന് ഫസ്റ്റ് റെസ്‌പോണ്‍സ് ഹെല്‍ത്ത് കെയര്‍ എംഡിയും സിഇഒയുമായ പവന്‍ ശര്‍മ വ്യക്തമാക്കി.