അഫ്ഗാനിസ്ഥാനിൽ കനത്ത നാശം വിതച്ച് ഭൂകമ്പം; 250ലേറെ പേർ മരിച്ചു; 530 പേർക്ക് പരുക്ക്

അഫ്ഗാനിസ്ഥാന്റെ കിഴക്കൻ ഭാഗത്ത് തിങ്കളാഴ്ച പുലർച്ചെയുണ്ടായ ശക്തമായ ഭൂകമ്പത്തിൽ 250ലധികം പേർ മരിച്ചു. 530ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരണസംഖ്യ ഇനിയും കൂടാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
റിക്ടർ സ്‌കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം പാക് അതിർത്തിക്ക് സമീപമുള്ള നൻഗർഹാർ, കുനാർ പ്രവിശ്യകളിലാണ്. ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് ഏകദേശം 8 കിലോമീറ്റർ മാത്രം ആഴത്തിലുണ്ടായ ഭൂകമ്പമായതിനാൽ വലിയ നാശനഷ്ടങ്ങളാണ് സംഭവിച്ചത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുൻപ് ശക്തമായ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടായതിന് പിന്നാലെയാണ് ഇപ്പോൾ ഭൂകമ്പവും ഉണ്ടായിരിക്കുന്നത്. ഈ മേഖലകളിലെ പല ഗ്രാമങ്ങളും പൂർണ്ണമായും തകർന്നടിഞ്ഞതായും മണ്ണിനടിയിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുകളുണ്ട്. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.