ലോട്ടറി വ്യവസായി സാന്റിയാഗോ മാർട്ടിന്റെ വീട്ടിൽ ഇ ഡി റെയ്ഡ്
ലോട്ടറി വ്യവസായി സാന്റിയാഗോ മാർട്ടിന്റെ വീടുകളിൽ ഇ ഡി റെയ്ഡ്. ചെന്നൈയിലെയും കോയമ്പത്തൂരിലെയും വീടുകളിൽ ആണ് റെയ്ഡ് നടക്കുന്നത്. ഇന്ന് പുലർച്ചെയാണ് റെയ്ഡ് ആരംഭിച്ചത്. സാന്റിയാഗോ മാർട്ടിന്റെ മരുമകനും വിസികെ നേതാവുമായ അർജുൻ ആധവിന്റെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്. അർജുൻ ആധവിന്റെ വീട്ടിൽ കഴിഞ്ഞ വർഷവും ഇഡി റെയ്ഡ് നടത്തിയിരുന്നു.
2012ൽ ചെന്നൈ സെൻട്രൽ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസിലാണ് ഇഡിയുടെ നടപടി. അന്ന് മാർട്ടിന്റെ സുഹൃത്തിന്റെ വീട്ടിൽ നിന്നും കണക്കിൽപെടാത്ത 7.50 കോടി രൂപ ചെന്നൈ സെൻട്രൽ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു. പിന്നാലെ കള്ളപ്പണം വെളുപ്പിച്ചെന്ന് കാണിച്ച് ഇഡി കേസെടുത്തു. കേസിൽ കഴിഞ്ഞ വർഷം നടന്ന റെയ്ഡിൽ സാന്റിയാഗോ മാർട്ടിന്റെ 450 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടിയിരുന്നു.
ഇതിനിടെ കേസ് അവസാനിപ്പിക്കുന്നു എന്ന് ചെന്നൈ സിറ്റി സെൻട്രൽ ക്രൈം ബ്രാഞ്ച് ആലന്തൂർ വിചാരണ കോടതിയിൽ റിപ്പോർട്ട് നൽകി. വിചാരണ കോടതി റിപ്പോർട്ട് അംഗീകരിച്ചെങ്കിലും കേസിലെ ഇഡി നടപടി തുടരാൻ മദ്രാസ് ഹൈക്കോടതി നിർദേശിച്ചതിന് പിന്നാലെയാണ് റെയ്ഡ്. ബംഗാളിലെ ചില ലോട്ടറി ബിസിനസ്സ് സ്ഥാപനങ്ങളിലും ഇന്ന് പുലർച്ചെ ഇഡി റെയ്ഡ് നടത്തി.